കൊച്ചി: 'പരീക്ഷക്കാലമാണ്... എപ്പോഴും എന്തൊരു ഒച്ചയാ... ഞങ്ങളെങ്ങനെ പഠിക്കും...?' മരടില്‍ പൊളിക്കുന്ന ആല്‍ഫ സെറീന്‍ ഫ്ലാറ്റിന് സമീപം താമസിക്കുന്ന കുട്ടികളുടെ ചോദ്യമാണ്. ഫ്ലാറ്റ് പൊളിക്കുന്ന ശബ്ദവും പൊടിശല്യവും കാരണം ആകെ ബുദ്ധിമുട്ടിയിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

വിവേകും വിഷ്ണുപ്രിയയും... ആല്‍ഫയ്ക്ക് സമീപത്തെ നെടുമ്പിള്ളില്‍ വീട്ടില്‍ സുഗുണന്റെ മക്കള്‍. വിവേക് കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്, ഫെബ്രുവരി 26ന് പരീക്ഷ തുടങ്ങും. വിഷ്ണുപ്രിയ തേവര എസ്.എച്ച്. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി, ജനുവരിയില്‍ പരീക്ഷയുണ്ട്.

ഫ്ലാറ്റ് പൊളിച്ചുതുടങ്ങിയതോടെ ഇവരുടെ വീടിന് വിള്ളല്‍ വീണിട്ടുണ്ട്. ഭിത്തിയില്‍ മാത്രമല്ല, മുകളിലെ തട്ടിനും വിള്ളലുണ്ട്. ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുമ്പ് താമസം മാറണോയെന്ന് ആലോചിക്കുകയാണെന്ന് സുഗുണന്‍ പറയുന്നു. പരീക്ഷകള്‍ക്കിടെ വീട് മാറുന്നതും ബുദ്ധിമുട്ടുണ്ടാക്കും.

10, 12 ക്ലാസുകളില്‍ പഠിക്കുന്ന വേറെയും കുട്ടികള്‍ ഈ പരിസരത്തുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതോടെ വീടുകള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമോയെന്നാണ് എല്ലാവരുടെയും പേടി.

കഴിഞ്ഞ ദിവസം സമീപത്തെ കുട്ടികള്‍ ഓരോരുത്തരായി പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തെഴുതിയിരുന്നു. വീട് പൊളിഞ്ഞുപോയാല്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുണ്ടായിട്ടുള്ള കേടുപാടുകള്‍ പൊളിക്കല്‍ കമ്പനി നന്നാക്കിക്കൊടുക്കുമെന്നാണ് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചിട്ടുള്ളത്.

നിയന്ത്രിത സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നാലെ നടന്ന് കഷ്ടപ്പെടേണ്ടി വരുമോയെന്നും നാട്ടുകാര്‍ക്ക് പേടിയുണ്ട്.

Content Highlights: maradu flat demolition