കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ നിലംപതിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം (വൈബ്രേഷന്‍) പഠിക്കാന്‍ ചെന്നൈ ഐ.ഐ.ടി. സംഘമെത്തും. ഇത് മനസ്സിലാക്കിയാലെ വീടുകളെ ആഘാതം ബാധിക്കുമോ, ബാധിക്കുമെങ്കില്‍ എത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാകൂ. ഇനി അധിക ദിവസം ബാക്കിയില്ലാത്തതിനാല്‍ അടുത്തയാഴ്ച തന്നെ ഐ.ഐ.ടി. സംഘമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കല്‍ കമ്പനികള്‍ സ്വന്തം നിലയ്ക്കും പഠിക്കുന്നുണ്ട്.

പ്രകമ്പനം ഉണ്ടാകുമ്പോള്‍ സ്രോതസ്സില്‍നിന്നുണ്ടാകുന്ന തരംഗം ഭൂമിയിലെ കണികകളില്‍ ചലനമുണ്ടാക്കും. ഈ ചലനത്തിന്റെ പരമാവധി വേഗം പീക്ക് പാര്‍ട്ടിക്കിള്‍ വെലോസിറ്റി (പി.പി.വി.) എന്നാണ് അറിയപ്പെടുന്നത്. ഇത് അളക്കുന്നത് മില്ലിമീറ്റര്‍/സെക്കന്‍ഡിലാണ്. സെക്കന്‍ഡില്‍ 25 മി.മീ. വരെയുള്ള പ്രകമ്പനം പഴയ വീടുകള്‍ക്കു പോലും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മരട് ഫ്‌ലാറ്റ് പൊളിക്കല്‍ സാങ്കേതിക സമിതിയംഗവും സ്ട്രക്ചറല്‍ എന്‍ജിനീയറുമായ ഡോ. അനില്‍ ജോസഫ് പറഞ്ഞു. സെക്കന്‍ഡില്‍ 55 മി.മീ. വരെയായാല്‍ വീടുകള്‍ക്ക് വിള്ളലുണ്ടാകാം. 115 മി.മീ/ സെക്കന്‍ഡ് വരെയായാല്‍ വലിയ വിള്ളലുകള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ലാറ്റില്‍നിന്ന് 50 മീ., 100 മീ., 150 മീ., 200 മീ. എന്നിങ്ങനെ ദൂരം കണക്കാക്കിയാണ് ആഘാത പഠനം നടത്തുക. 50 മീറ്ററിനകത്തുള്ള വീടുകളുടെ ഫോട്ടോയും വീഡിയോയും എടുത്ത് സൂക്ഷിക്കുകയാണ്. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അത് സ്‌ഫോടനം മൂലമാണോ എന്ന് വിലയിരുത്താനാണിത്. ദൂരപരിധി നോക്കാതെ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. അനില്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഫ്ലാറ്റിനു സമീപത്തുള്ള വീടുകള്‍ക്കുണ്ടായ വിള്ളലുകള്‍ പരിശോധിച്ചുവരികയാണ്. ആല്‍ഫെ സെറീന്റെ പരിസരത്തുള്ള ഏഴ് വീടുകളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറായി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വീട്ടുകാര്‍, നഗരസഭ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ക്ക് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നിട്ടുള്ള ആല്‍ഫയുടെ 50 മീറ്റര്‍ ചുറ്റളവില്‍ 39 വീടുകളാണുള്ളത്. ഇതില്‍ 78 വീടുകള്‍ക്കാണ് കേടുപാടുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ക്കൂടുതലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Content Highlights: maradu flat demolition