കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രദേശവാസികളുടെ ഭീതി ഏറുകയാണ്. സമീപത്ത് ഒട്ടേറെ വീടുകളുള്ള 'ആല്‍ഫ സെറീന്‍' ഫ്‌ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കാണ് ഏറെ ആശങ്ക. 'സമീപം ഏറെ വീടുകള്‍ ഇല്ലാത്ത ജെയ്‌നോ, കായലോരമോ ആദ്യം തകര്‍ക്കൂ' എന്നാണ് അവര്‍ ഇപ്പോള്‍ ശക്തമായി ആവശ്യപ്പെടുന്നത്.

ഇത് തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അറിഞ്ഞ്, പരിഹാരം കണ്ടെത്തി, ജനവാസ മേഖലയിലുള്ള ആല്‍ഫ, എച്ച്.ടു.ഒ. ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്നതിലേക്ക് നീങ്ങാം എന്നതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഇവിടത്തുകാര്‍ ഉന്നയിച്ചത് ഇതേ കാര്യമായിരുന്നു. പക്ഷേ, ഇപ്പോഴും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. ഫ്‌ലാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമ്പോള്‍ സമീപത്തെ വീടുകള്‍ തകര്‍ന്നാല്‍ പുനര്‍ നിര്‍മിക്കാനാവശ്യമായ പൂര്‍ണമായ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഏഴ് വീട്ടുകാര്‍ മാറി

ആല്‍ഫ സെറിന്‍ ഫ്‌ലാറ്റിനു സമീപം താമസിച്ചിരുന്ന ഏഴ് വീട്ടുകാര്‍ ഇവിടെ നിന്ന് വാടകവീടുകളിലേക്ക് താമസം മാറി. നടുവിലേ വീട്ടില്‍ ആന്റണി, സഹോദരന്‍ ബെന്നി, ഇവരുടെ വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍, കണിയാംപറമ്പില്‍ അജിത്, രാജീവ് നായര്‍ എന്നിവരാണ് അവസാനമായി താമസം മാറിയത്.

കരോട്ട് അനൂപും കുടുംബവുമായിരുന്നു ആദ്യം ഇവിടെ നിന്ന് താമസം മാറിയത്. അനൂപിന്റെ സഹോദരന്‍ ഹരി വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്. നാല് വീട്ടുകാര്‍ക്ക് വാടകയ്ക്ക് വീട് കൊടുക്കാനായി മുന്‍കൂര്‍ നല്‍കിയ തുക ഫ്‌ലാറ്റ് പൊളിക്കാന്‍ കരാര്‍ എടുത്ത കമ്പനി നല്‍കിയിട്ടുണ്ട്. ബാക്കി തുകയും നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് ഉറപ്പൊന്നുമില്ല.

ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിനു സമീപത്തെ 13 വീടുകള്‍ക്ക് നിലവില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഫ്‌ലാറ്റ് ഇരിക്കുന്ന സ്ഥലം ചതുപ്പ് ഭൂമിയാണ്.

ഇതിനാല്‍ത്തന്നെ ഫ്‌ലാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നാശം, പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഏറെയായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Content Highlights: maradu flat demolition