വീട് എന്നത് പലരുടെയും സ്വപ്‌നമാണ്. കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങള്‍ കൂട്ടിവച്ച് വീട് സ്വന്തമാക്കുന്നവരുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു വീട് നേടിയെടുത്ത ദമ്പതികളുടെ കഥയാണ്. ഭാര്യ സ്വപ്‌നം കണ്ട വീട് സര്‍പ്രൈസായി അവള്‍ക്ക് സമ്മാനിച്ച ഭര്‍ത്താവാണ് കഥയിലെ താരം. 

കാറിനുള്ളിലിരുന്ന് ഭാര്യയ്ക്ക് സമ്മാനപ്പൊതി നീട്ടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യ പൊതികള്‍ ഓരോന്നായി അഴിച്ചു തുടങ്ങുമ്പോള്‍ ഇപ്പുറത്ത് യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് എഴുതിയ കാര്‍ഡുകള്‍ വീഡിയോക്ക് മുന്നില്‍ പൊക്കിക്കാണിക്കുകയാണ് ഭര്‍ത്താവ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന ചെറിയൊരു ധാരണ പോലുമില്ലാതെയാണ് ഭാര്യ സമ്മാനപ്പൊതി തുറക്കുന്നതും.

ഒരുവര്‍ഷം മുമ്പാണ് തന്റെ സ്വപ്‌നത്തിലുള്ള വീട് ഭാര്യ ഭര്‍ത്താവിന് കാണിച്ചുകൊടുക്കുന്നത്. അന്നുതൊട്ട് ഭാര്യയ്ക്കുവേണ്ടി ആ വീട് സര്‍പ്രൈസായി സമ്മാനിക്കാനുള്ള തത്രപ്പാടിലായിരുന്നു ഭര്‍ത്താവ്. രഹസ്യമായി ആ വീടിന്റെ വിലാസം തപ്പിപ്പിടിക്കുകയും അതിനു വേണ്ടിയുള്ള പണം സമ്പാദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷമായി തങ്ങള്‍ ഒന്നിച്ചാണെന്നും രണ്ടുമക്കളുടെ അമ്മയും കഠിനാധ്വാനിയുമായ ഭാര്യക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. 

ഇരുവരുടെയും പഴയ വീടിനെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചെറിയ ആ അപ്പാര്‍ട്‌മെന്റില്‍ ഫര്‍ണിച്ചര് സൗകര്യങ്ങളൊന്നും ഇല്ലായിരുന്നെന്നും നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയുന്നുണ്ട്. അവയാണ് തന്റെ ഭാര്യക്കൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ എന്നും ഭര്‍ത്താവ് പറയുന്നുണ്ട്. കാറിനു പുറത്തെത്തിയതും ഭര്‍ത്താവ് വീട്ടിലേക്കു ചൂണ്ടിക്കാട്ടുമ്പോഴാണ് സംഗതിയെക്കുറിച്ച് ഭാര്യ തിരിച്ചറിയുന്നത്. ഉടന്‍ ആനന്ദത്താല്‍ വീടിനുള്ളിലേക്ക് ഇരുവരും ഓടിക്കയറുന്നതും വീഡിയോയില്‍ കാണാം. 

നിരവധി പേരാണ് ഭര്‍ത്താവിന്റെ കരുതലിനെ അഭിനന്ദിച്ച് വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്.

Content Highlights: man surprises wife with dream home