റൊമാന്റിക്കായി വിവാഹ അഭ്യര്‍ഥന നടത്തുമ്പോള്‍ ഉണ്ടാകുന്ന അബദ്ധങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയുടെ ഇഷ്ടവിഷയമാണ്. മോതിരം നല്‍കുമ്പോള്‍ തെന്നി വീഴുന്നതും, കേക്ക് കൈയില്‍ നിന്ന് താഴെ വീണ് നാശമാകുന്നതും.. എല്ലാം കാണുന്നവരില്‍ തമാശയുണര്‍ത്തും. എന്നാല്‍ പ്രൊപ്പോസല്‍ നടത്തി വീട് തന്നെ തീപിടിച്ച് നശിച്ചാലോ..
സൗത്ത് യോക്ക്‌ഷൈറിലെ ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്മെന്റാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ഈ ദുരന്തമായ പ്രൊപ്പോസല്‍ കഥ പങ്കുവച്ചത്. ബ്രിട്ടീഷുകാരനായ ആല്‍ബെര്‍ട്ട് നുഡ്ര്യു തന്റെ പ്രണയിനിയായ വലേറിയ മെഡ്‌വികിനെ പ്രൊപ്പോസ് ചെയ്യാന്‍ വീടിനുള്ളില്‍ നൂറ് കണക്കിന് ടീലൈറ്റുകളും കാന്‍ഡിലുകളുമാണ് തെളിച്ചത്. മാത്രമല്ല, നിറയെ ബലൂണുകളും വൈന്‍ നിറച്ച ഗ്ലാസുകളും എല്ലാം ഒരുക്കിയിരുന്നു. സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 100ലധികം ടീ ലൈറ്റുകളും 60 ബലൂണുകളും ഇയാള്‍ ഒരുക്കിയിരുന്നു. എല്ലാം തയ്യാറാക്കി വച്ചശേഷം കാമുകിയെ കൂട്ടികൊണ്ട് വരാനായി ഇയാള്‍ പുറത്ത് പോയ സമയത്താണ് തീപ്പിടിത്തം ഉണ്ടായത്.
ടീലൈറ്റുകളുടെ അരികില്‍ കത്തിക്കാതെ വച്ച കാന്‍ഡിലുകളിലേക്കും തീ പടര്‍ന്ന് വീടു മുഴുവന്‍ കത്തുകയായിരുന്നു. പ്രണയിനിയുമായി തിരിച്ചെത്തിയ ആള്‍ കാണുന്നത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തീയും പുകയും ഉരുന്നതും ഫയര്‍ഫോഴ്‌സ് കഷ്ടപ്പെട്ട് തീയണക്കുന്നതുമാണ്.

'ഫോട്ടോകള്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം, നൂറ് കണക്കിന് ടീ ലൈറ്റുകള്‍ കത്തിയെരിഞ്ഞിരിക്കുന്നത്..' ചിത്രങ്ങള്‍ക്കൊപ്പം ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടമെന്റ് കുറിച്ചിരിക്കുന്നു.
എന്തായാലും തീപ്പിടിത്തത്തില്‍ ആളപായമില്ല.. മാത്രമല്ല കത്തിയ വീടിനുള്ളില്‍ നിന്ന് തന്നെ ആല്‍ബെര്‍ട്ട് വലേറിയയെ പ്രൊപ്പോസും ചെയ്തു. എന്തായാലും കാമുകി വിവാഹത്തിന് സമ്മതവും മൂളിയിട്ടുണ്ട്.
Content Highlights: Man proposes to girlfriend with hundreds of candles, burns down his home viral photos