തൊരാളുടെയും സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്, അതു പണിയുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്നവരുണ്ട്. അത്തരത്തില്‍ സ്വന്തമായി വീട് നിര്‍മിച്ചപ്പോള്‍ ആരും ചിന്തിക്കാത്ത തരത്തില്‍ നിര്‍മിച്ചൊരാളാണ് ഒഡീഷയില്‍ നിന്നുള്ള ബിശ്വരഞ്ജന്‍ സമല്‍ എന്ന യുവാവ്.

പ്രകൃതിയെ ഹനിക്കാതെ എങ്ങനെ വീട് നിര്‍മിക്കാം എന്ന ആശയത്തില്‍ നിന്നാണ് വ്യത്യസ്തമായൊരു വീട് ബിശ്വരഞ്ജന്‍ സ്വന്തമാക്കിയത്. ഒരു വീടിനായി ഒട്ടേറെ മരങ്ങള്‍ വെട്ടിമുറിക്കുന്ന സ്ഥാനത്ത് ഒരൊറ്റ മരം പോലും മുറിക്കാതെയാണ് ബിശ്വരഞ്ജന്‍ വീട് പണിതത്. ഇനി വീട് പണിത സ്ഥലം കൂടി അറിഞ്ഞാലാണ് കൗതുകം ഏറുക, വലിയൊരു സാല വൃക്ഷത്തിന്റെ മുകളിലാണ് ബിശ്വരഞ്ജന്റെ മനോഹരമായ ട്രീ ഹൗസ്. 

''സ്വന്തമായി ഒരു ട്രീ ഹൗസ് എന്ന സ്വപ്നത്തിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഞാന്‍. ഇതിനു വേണ്ടിയുള്ള ഒരു മരത്തിനും പറ്റിയ സ്ഥലത്തിനും വേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് നാനാപുര്‍ വില്ലേജില്‍ ഉള്ള എന്റെ സ്വന്തം സ്ഥലത്താണ്. അവിടെയുള്ള ഒരു സാല വൃക്ഷത്തിലാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. സാല വൃക്ഷത്തില്‍ വീട് പണിയുന്നതില്‍ യാതൊരു തടസങ്ങളും  ഇല്ലെന്ന് ആര്‍കിടെക്ചര്‍ സമ്മതിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടിവന്നില്ല, അപ്പോള്‍ തന്നെ വീടിന്റെ പണി തുടങ്ങി. വീടിന്റെ അടിത്തറ മരം  ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. അടിത്തറയുടെ പണി കഴിഞ്ഞതോടെ ബാക്കി ഉള്ള പണി വേഗത്തില്‍ കഴിഞ്ഞു'' - ബിശ്വരഞ്ജന്‍ പറയുന്നു.

പൂര്‍ണമായും പണികഴിഞ്ഞ വീടിന്റെ അകവും വീടിന്റെ പുറമെ പോലെ തന്നെ സുന്ദരമാണ്. ആഡംബരം ഒട്ടും കുറയ്ക്കാത്ത ഡ്രോയിങ്  റൂം, അടുക്കള, ബാത്റൂം, വിശാലമായ ബാല്‍ക്കണി തുടങ്ങി സാധാരണ വീട്ടിലുള്ളതെല്ലാം ഈ ട്രീഹൗസിലും കാണാം. 

സാല വൃക്ഷത്തിന്റെ ആറു കൊമ്പുകളിലായാണ് വീട് പണിതിരിക്കുന്നത്. മരവും പ്ലൈവുഡും ആണ് പ്രധാനമായും നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മരങ്ങള്‍ മുറിക്കുന്നതിനെതിരെയുള്ള ഒരു അവബോധം എന്ന രീതിയില്‍ കൂടിയാണ് മരത്തിനു മുകളിലുള്ള വീട് നിര്‍മാണമെന്നും ബിശ്വരഞ്ജന്‍ പറയുന്നു.

ഈ ഭൂമി വാങ്ങുമ്പോള്‍ അവിടെ രണ്ടു സാലവൃക്ഷങ്ങളാണ് ഉണ്ടായിരുന്നത്. അവ മുറിക്കരുതെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. പ്രകൃതിയെ ഹനിക്കാതെയും വീട് നിര്‍മിക്കാമെന്ന ആശയത്തില്‍ നിന്നാണ് ഈ വീട് പിറന്നത്- ബിശ്വരഞ്ജന്‍ പറഞ്ഞു.

മരത്തിനു മുകളില്‍ വീട് നിര്‍മിക്കുമ്പോഴുണ്ടായ ഏക വെല്ലുവിളി ബീമുകള്‍ ഉയര്‍ത്തുന്നതായിരുന്നു എന്ന് ഡിസൈനറായ ദോലഗോബിന്ദ മഹാറാണ പറയുന്നു. കനത്ത കാറ്റില്‍ ചില്ലകള്‍ വളഞ്ഞാലും വീടിനെ ബാധിക്കാത്ത രീതിയില്‍ ഉറച്ച നിര്‍മാണമാണ്.

Content Highlights:  Man BuildsTree House