വ്യത്യസ്തമായൊരു അവധിക്കാല ഭവനം ഉണ്ടാക്കണമെന്നതായിരുന്നു നാ​ഗാലാന്റ് സ്വദേശിയായ അസാഖേ ചേസിന്റെ സ്വപ്നം. അതിനായി പല ആശയങ്ങളും ഇരുപത്തിയൊമ്പതുകാരനായ അസാഖോ അന്വേഷിച്ചു. ഒടുവിൽ ഹോബിറ്റ് വീട് എന്ന ആശയത്തിലെത്തുകയായിരുന്നു കായികാധ്യാപകനായ അസാഖോ. പണിപൂർത്തിയായി ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുമ്പോഴും തന്റെ വീട്  ഇത്രത്തോളം വൈറലാകുമെന്ന് അസാഖോ കരുതിയതേയില്ല. 

ഖോനോമാ ​ഗ്രാമത്തിൽ കാടിനു നടുവിലാണ് അസാഖോ വീട് നിർമിച്ചത്. അവധിക്കാലം ആ​ഘോഷിക്കാനായി തയ്യാറാക്കിയ വീടിന് പ്രത്യേകതകൾ ഏറെയാണ്. ജെആർആർ ടോൽക്കീന്റെ നോവലുകളിലെ ഹോബിറ്റുകളുടെ വീടിനോട് ഏറെ സാദൃശ്യമുള്ളതാണ് അസാഖോയുടെ വീടും. അങ്ങനെയാണ് അസാഖോ തന്റെ വീടിന് ഹോബിറ്റ് ഹോം എന്ന പേരുമിട്ട് വിളിക്കാൻ തുടങ്ങിയത്. 

യാത്രകളേയും സാഹസികതയേയും പ്രണയിച്ച അസാഖോയുടെ വീടിന്റെ നിർമാണം കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്. പുറത്തു നിന്നു കാണുമ്പോൾ കുഞ്ഞൻ വീടാണെങ്കിലും അകത്ത് അഞ്ചു മുതൽ ഏഴോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അടുക്കളയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വീട്ടിലുണ്ട്. സുഹൃത്തുക്കളുടെ സഹായമുണ്ടായെങ്കിലും പലപ്പോഴും തനിച്ചാണ് അസാഖോ വീട് നിർമാണത്തിൽ ഏർപ്പെട്ടത്. 

തടികൊണ്ടാണ് വീടിന്റെ ചുവരെല്ലാം നിർമിച്ചത്. ഓവൽ ആകൃതിയിലുള്ള വാതിൽ പ്രധാന ആകർഷണമാണ്. അതേ ആകൃതിയിൽ തന്നെ ചെറിയ ജനലുകളും കാണാം. വാതിലിനും ജനലുകൾക്കുമൊക്കെ ചുവപ്പും നീലയും പെയിന്റുകളും നൽകിയിട്ടുണ്ട്. വീടിനു പുറത്ത് മനോഹരമായൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും അസാഖോ ഒരുക്കിയിട്ടുണ്ട്. 

തനിക്ക് ചെലവഴിക്കാൻ ഒരു അവധിക്കാല ഭവനമായിരുന്നു തുടക്കത്തിൽ മനസ്സിലുണ്ടായിരുന്നത് എങ്കിലും ഇപ്പോൾ നിരവധി പേരാണ് വീടന്വേഷിച്ചെത്തുന്നതെന്ന് അസാഖോ പറയുന്നു. അമിത പ്രതീക്ഷകളോടെ വീട്ടിലേക്ക് വരരുതെന്നും അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ഉള്ളുവെന്നും അസാഖോ പറയുന്നുണ്ട്. നിലവിൽ അമ്പതോളം പേർ താമസിക്കാൻ അന്വേഷിച്ചിട്ടുണ്ടെന്നും അസാഖോ.