പ്രൊഫ. ജി.കെ. സുരൈഷ്‌കുമാർ, ഡോ. നീരവ് ഭട്ട്, ശുഭശ്രീ ശ്രീധർ
ചെന്നൈ: പരിസ്ഥിതിസൗഹൃദ ജൈവ സിമന്റിന്റെ നിര്‍മാണത്തിന് സഹായകമാവുന്ന പദാര്‍ഥഘടനയുടെ ഗണിതമാതൃക മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകര്‍ വികസിപ്പിച്ചു. ചിലയിനം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനംവഴി കാത്സ്യം കാര്‍ബണേറ്റ് പോലുള്ള സംയുക്തങ്ങള്‍ ഉത്പാദിപ്പിച്ചാണ് സിമന്റിനുപകരം ഉപയോഗിക്കാവുന്ന ഉറപ്പേറിയ ജൈവ സിമന്റ് നിര്‍മിക്കുന്നത്.
ഏറ്റവുമധികം കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങളിലൊന്നാണ് സിമന്റ് നിര്‍മാണം. ഈ സംയുക്തം നിര്‍മിക്കുമ്പോള്‍ കുറച്ചുമാത്രമേ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം ഉണ്ടാവുകയുള്ളൂ.
സ്‌പോറോസാര്‍സിന പാസ്ച്യൂറി എന്ന ബാക്ടീരിയയെ ഉപയോഗിച്ച് നിര്‍മിക്കാവുന്ന ജൈവ സിമന്റിന്റെ പദാര്‍ഥഘടനയുടെ മാതൃകയാണ് മദ്രാസ് ഐ.ഐ. ടി.യില്‍ രൂപപ്പെടുത്തിയത്. ബയോടെക്നോളജി വകുപ്പ് അധ്യാപകന്‍ പ്രൊഫ. ജി.കെ. സുരൈഷ്‌കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നീരവ് ഭട്ട്, ഗവേഷക ശുഭശ്രീ ശ്രീധര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിന്റെ ഫലം ബയോകെമിക്കല്‍ എന്‍ജിനിയറിങ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യാവസായികാടിസ്ഥാനത്തില്‍ ജൈവ സിമന്റ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നതോടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. സാധാരണ സിമന്റ് നിര്‍മിക്കുന്നതിന് 900 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ താപനില ആവശ്യമാണ്. എന്നാല്‍, 30 ഡിഗ്രിമുതല്‍ 40 ഡിഗ്രിവരെ താപനിലയില്‍ ജൈവ സിമന്റ് നിര്‍മിക്കാനാവും.
വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനാവും എന്നതാണ് മറ്റൊരുഗുണം. ഉപോത്പന്നങ്ങള്‍ ബാക്ടീരിയയെ വളര്‍ത്താന്‍ ഉപയോഗിക്കാമെന്നതുകൊണ്ട് വ്യാവസായികമാലിന്യങ്ങളും ഉണ്ടാകുന്നില്ല.
ബാക്ടീരിയകളെ ഉപയോഗിച്ച് കാത്സ്യം സംയുക്തങ്ങള്‍ ഉത്പാദിപ്പിച്ച് ജൈവ സിമന്റ് നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പദാര്‍ഥഘടന കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പദാര്‍ഥഘടനയുടെ ഗണിതമാതൃക തയ്യാറാകുന്നതോടെ ഇന്നത്തെ സിമന്റിനുപകരം ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഭാവിയില്‍ ജൈവ സിമന്റ് ഉത്പാദനം വികസിച്ചേക്കുമെന്ന് പ്രൊഫ. സുരൈഷ്‌കുമാറും ഡോ. നീരവ് ഭട്ടും പറഞ്ഞു.
Content Highlights: molecular model, IIT Madras, bio cement, bacteria cement, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..