മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച കൂടാരമാണ് താജ് മഹല്‍. ലോകത്തിലെ ഏറ്റവും മികച്ച പ്രണയ സമ്മാനമായാണ് താജ്മഹല്‍ കരുതപ്പെടുന്നത്. വെളുത്തനിറമുള്ള മാര്‍ബിളില്‍ തീര്‍ത്ത താജ്മഹല്‍ ഇന്ന് ഇന്ത്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

ഇതേ മാതൃകയിൽ മധ്യപ്രദേശ് സ്വദേശിയും എജ്യുക്കേഷനിസ്റ്റുമായ ആനന്ദ് പ്രകാശ് ചൗക്‌സി തന്റെ പ്രിയതമയായ മഞ്ജുഷ ചൗക്‌സിക്കുവേണ്ടി നിര്‍മിച്ച വീട് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. താജ്‌മഹലിന്റെ മാതൃകയില്‍ പണിത ഈ വീട് ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ദമ്പതികള്‍ ആഗ്രയില്‍ സ്ഥിതിചെയ്യുന്ന താജ്മഹല്‍ സന്ദര്‍ശിച്ചശേഷമാണ് തങ്ങളുടെ വീട് നിര്‍മാണം തുടങ്ങിയത്. താജ്മഹലിന്റെ നിര്‍മാണശൈലിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയശേഷം എന്‍ജിനീയര്‍മാരെ വീട് നിര്‍മാണം ഏല്‍പിക്കുകയായിരുന്നു. പ്രവീണ്‍ ചൗക്‌സി എന്ന എന്‍ജിനീയറാണ് വീട് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.

80 അടി ഉയരമുള്ള വീട് നിര്‍മിക്കാനാണ് ആനന്ദ് ആദ്യം എന്‍ജിനീയര്‍മാരോട് ആവശ്യപ്പെട്ടത്. എന്നാല്‍, അത്ര ഉയരമുള്ള വീട് ഉണ്ടാക്കുന്നതിന് അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ്, താജ്മഹല്‍ പോലൊരു വീട് നിര്‍മിക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുന്നത്. 
നാലു കിടപ്പുമുറികളുള്ള ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമാണ് എടുത്തത്. താജ്‌മഹലിന്റെ ത്രീഡി ചിത്രം ആധാരമാക്കിയായിരുന്നു നിര്‍മാണം.

ബുര്‍ഹാന്‍പൂര്‍ സന്ദര്‍ശിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും നഷ്ടപ്പെടുത്താന്‍ കഴിയാത്ത ഒരു കാഴ്ചയായിരിക്കണം തന്റെ വീട് എന്ന് ചൗക്സി കരുതുന്നു.

താജ്മഹല്‍ കൂടാതെ ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന സ്മാരകമായ ബിബി കാ മഖ്ബാരയും  ഈ വീട് നിര്‍മാണത്തിന് മുമ്പ് എന്‍ജിനീയറായ പ്രവീണ്‍ സന്ദര്‍ശിച്ചിരുന്നു.

ഗോപുരമടക്കം 90 ചതുരശ്ര മീറ്ററാണ് വീടിന്റെ ആകെ വിസ്തീര്‍ണം. താഴികക്കുടത്തിന് 29 അടി ഉയരമുണ്ട്. കിച്ചന്‍, ലൈബ്രറി, മെഡിറ്റേഷന്‍ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Conent highlights: madhyapradesh man gifts a taj mahal like home to his wife, viral photos