ഏറാമല: ഒരുനാട് ഹൃദയം കൊണ്ടെഴുതിയ മാരിവില്ലാണീ വീട്. പ്രിയപ്പെട്ട രതീശനായി ഏറാമല ഒറ്റവർഷംകൊണ്ട് പടുത്തുയർത്തിയ സ്നേഹസൗധം. കഴിഞ്ഞവർഷത്തെ ഉത്രാടനാളിൽ നാട്ടിലെ ഓണാഘോഷപരിപാടിക്കിടെ 'മാരിവില്ലിൻ തേൻമലരേ മാഞ്ഞുപോകയോ...' എന്ന പാട്ടുപാടി അല്പനേരത്തിനുള്ളിൽ ജീവിതത്തിൽനിന്നു മാഞ്ഞുപോയവൻ.

അന്ന് ഏറാമലയുടെ ഓണം കണ്ണീരിൽ കുതിർന്നു. കൃത്യം ഒരുവർഷം പിന്നിടുമ്പോൾ ഈ ഉത്രാടനാളിൽ നാടൊരുക്കിയ 'മാരിവില്ല്' എന്ന വീട് രതീശന്റെ കുടുംബത്തിന് കൈമാറും. ഞായറാഴ്ച രാവിലെ 11 മണിക്ക് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി താക്കോൽദാനം നിർവഹിക്കും. നീറുന്ന ഓർമകൾക്കിടയിലും ഒരു വീടെന്ന രതീശന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

ആരോടും കൈ നീട്ടിയില്ല, എല്ലാംതേടിയെത്തി

ഏറാമലയുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മേപ്പാട്ടുമുക്കിലെ പി.സി. രതീശൻ. നാടിന്റെ എന്താവശ്യത്തിനും മുന്നിൽനിൽക്കുന്ന പ്രകൃതം. കെ.എസ്.ആർ.ടി.സി. ഡ്രൈവറായി ജോലികിട്ടിയിട്ടും ഇതിനൊരുമാറ്റവുമുണ്ടായില്ല. പെട്ടെന്നുള്ള രതീശന്റെ വേർപാട് നാടിന്റെ ആകെ നടുക്കി. ഭാര്യയുടെയും പറക്കമുറ്റത്ത രണ്ടുകുഞ്ഞുങ്ങളുടെയും അത്താണിയാണ് നഷ്ടമായത്.

മഴയത്ത് ചോരുന്ന, നാലുപാടും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ പഴയ വീട്ടിലായിരുന്നു താമസം. ഈ കുടുംബത്തെ സംരക്ഷിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ കമ്മിറ്റിയായി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്കരന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യയോഗത്തിൽതന്നെ നാട് ഒഴുകിയെത്തി. അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു യോഗത്തിൽ. ഒരു വീട് നിർമിക്കേണ്ട തുകയും സാധനങ്ങളുമെല്ലാം ഈ യോഗത്തിൽതന്നെ പലരും വാഗ്ദാനംചെയ്തു. ആരോടും സഹായത്തിനായി അങ്ങോട്ട് ചോദിക്കേണ്ടിവന്നില്ല. എല്ലാവരും സഹായവുമായി കമ്മിറ്റിയുടെ അരികിലേക്ക് എത്തി.

തറനിർമാണം ഒരാൾ ഏറ്റെടുത്തു, സിമന്റ്, കമ്പി എന്നിവ മറ്റൊരാളുടെ വക. കല്ല്, മരം, നിലത്തിന്റെ പണി എന്നിവയെല്ലാം ഓരോരുത്തർ ഏറ്റെടുത്തു. വ്യക്തികൾ, പ്രവാസി സംഘടനകൾ, നാട്ടിലെ കലാസമിതികൾ, ഗ്രന്ഥാലയങ്ങൾ, സഹകരണസ്ഥാപനങ്ങൾ, കുടുംബശ്രീ, ക്ഷേത്രങ്ങൾ, വാട്‌സാപ്പ് കൂട്ടായ്മകൾ തുടങ്ങിയവരെല്ലാം ഈ കൂട്ടായ്മയിൽ പങ്കാളികളായി. എല്ലാംകൂടി 24 ലക്ഷം രൂപയാണ് വാഗ്ദാനം കിട്ടിയത്. 22 ലക്ഷം രൂപ വീടിന് ചെലവായി.

പഴയവീട് പൊളിച്ച്, എല്ലാവിധസൗകര്യങ്ങളോടെയുമാണ് വീട് നിർമിച്ചത്. ടി.വി, ഫ്രിഡ്ജ്, ഇൻവർട്ടർ തുടങ്ങി എല്ലാവിധ വീട്ടുസാധനങ്ങളും പലരായി നൽകി. പ്രിയപ്പെട്ട രതീശന്റെ കുടുംബത്തിന് ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന നിർബന്ധത്തിലാണ് ഈ നാട്. വീട്ടിലേക്കുപോകുന്ന ഇടവഴി സി.കെ. നാണു എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒന്നരലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റുംചെയ്തു. എല്ലാ ചെലവും കഴിച്ച് രണ്ടുലക്ഷം രൂപയെങ്കിലും കുടുംബത്തിന് കൈമാറാമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി. ഭാര്യ അനുവിന് വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലികിട്ടിയിട്ടുണ്ട്.

Content Highlights: locals built a house for Ratheesan's family