പുനലൂര്‍: സര്‍ക്കാരിന്റെ ഭവനപദ്ധതിയായ 'ലൈഫി'ന്റെ ജില്ലയിലെ ആദ്യസംരംഭം പുനലൂര്‍ നഗരസഭയില്‍. നഗരസഭയിലെ 162 കുടുംബങ്ങള്‍ക്ക് പദ്ധതിവഴി വീട് ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നാലിന് പുനലൂരിലെ ചെമ്മന്തൂര്‍ സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പി.എം.വൈ. ഭവനനിര്‍മാണ സഹായധനം മന്ത്രി കെ.രാജു വിതരണം ചെയ്യും. മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷനാവും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ലൈഫ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഭവനനിര്‍മാണ പദ്ധതി ആരംഭിക്കുന്നുണ്ട്. ജില്ലയില്‍ പുനലൂര്‍ നഗരസഭയെയാണ് ആദ്യസംരംഭത്തിനായി തിരഞ്ഞെടുത്തത്.

പ്ലാച്ചേരിയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമിയാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്. ആറ് കുടുംബം ഉള്‍പ്പെടുന്ന 27 സമുച്ചയം എന്ന കണക്കില്‍ വീട് നിര്‍മിച്ചുനല്‍കുന്നതാണ് പദ്ധതി.

തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിയവര്‍ എന്നിവരുള്‍പ്പെടെ ഭൂരഹിതരും ഭവനരഹിതരുമായ മുഴുവന്‍പേര്‍ക്കും വീട് നല്‍കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ പറഞ്ഞു. കേരളപ്പിറവിദിനത്തില്‍ താക്കോല്‍ദാനച്ചടങ്ങ് നടത്തുക എന്ന ലക്ഷ്യത്തോടെയാവും പദ്ധതി പൂര്‍ത്തിയാക്കുക.

ഉദ്ഘാടനച്ചടങ്ങിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ അധ്യക്ഷനായി. സബ് കളക്ടര്‍ എസ്.ചിത്ര, എ.ഡി.എം. ഐ.അബ്ദുള്‍സലാം, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പുനലൂര്‍ നഗരസഭാ സെക്രട്ടറി എ.എസ്.നൈസാം തുടങ്ങിയവര്‍ പ്രസംഗിച്ചു.