പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ തിരുവല്ല കടപ്ര പുളിക്കീഴിലെ സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും ഇതിനെ അതിജീവിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര.

ഇതു കണക്കിലെടുത്ത് സീറോ ലാന്‍ഡ്ലെസ് കോളനിയിലെ ലൈഫ് വീടുകള്‍ തറയില്‍നിന്ന് ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിര്‍മിച്ചത്.

രണ്ടുമുറികള്‍, അടുക്കള, ഹാള്‍, സിറ്റൗട്ട്, ടോയ്ലെറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്. പ്രദേശത്തെ മറ്റു വീടുകളില്‍ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തില്‍ നിര്‍മിച്ച ഈ വീടുകളുടെ പടിക്കെട്ടുകള്‍വരെ മാത്രമേ മുങ്ങിയുള്ളൂ. അതിനാല്‍, ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നില്ല.

ലൈഫ് പദ്ധതിയില്‍നിന്ന് നല്‍കിയ നാലുലക്ഷം രൂപയും ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) നല്‍കിയ രണ്ടുലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ നിര്‍മിച്ചത്. തണലിന്റെ പ്രവര്‍ത്തകരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

ഫോമയും തണലും ചേര്‍ന്ന് ഈ പ്രദേശത്ത് നിര്‍മിച്ചുനല്‍കിയ മറ്റ് 21 വീടുകളും പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പ്രളയബാധിതര്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് 15 വീടുകളും ഈ രീതിയില്‍ പണിയുന്നുണ്ട്.

Content Highlights: life mission scheme houses