-
ഭക്ഷണമുറിയുടെ ഹൈലൈറ്റ് ഡൈനിങ് ടേബിള്‍ തന്നെയാണ്. വീട്ടിലെ അംഗങ്ങളെല്ലാം ഒന്നിച്ചിരിക്കുന്ന ഇടം കൂടിയായതുകൊണ്ട് കാഴ്ചയിലെ മനോഹാരിതയ്‌ക്കൊപ്പം സൗകര്യത്തിനും പ്രാധാന്യമുണ്ട്. വിശാലമായ ഡൈനിങ് ടേബിള്‍ സങ്കല്‍പമൊക്കെ പല വീടുകളിലും അപ്രത്യക്ഷമായി. അപ്പോള്‍പിന്നെ പണ്ടുവാങ്ങിവച്ച വലിയ ഊണ്‍മേശ എന്തു ചെയ്യുമെന്നാണോ? സാമി റോബര്‍ട്‌സ് എന്ന യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ഊണ്‍മേശയുടെ വലിപ്പം കൂടുതലാണെന്നും സ്ഥലം ഏറെ നഷ്ടപ്പെടുന്നുവെന്നുമുള്ള പരാതിയായിരുന്നു സാമിക്ക്. വീട്ടില്‍ ഒരു ബ്രേക്ഫാസ്റ്റ് ബാര്‍ ഒരുക്കണമെന്ന ആഗ്രഹവും സാമിക്കുണ്ടായിരുന്നു. അങ്ങനെയാണ് നിലവിലുള്ള ഊണ്‍മേശയില്‍ തന്നെ പരിഷ്‌കാരങ്ങള്‍ വരുത്തി എങ്ങനെ ബ്രേക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റാം എന്ന് സാമി ചിന്തിക്കുന്നത്.
അങ്ങനെ രണ്ടുമക്കളുടെ അമ്മ കൂടിയായ സാമി നിലവിലെ ടേബിളിനെ അടിമുടി പരിഷ്‌കരിച്ചു. രണ്ടു ഭാഗങ്ങളാക്കി മാറ്റി അവയെ ചുവരിനോടു ചേര്‍ത്തുവച്ച് ബ്രേക്ഫാസ്റ്റ് ബാറാക്കി മാറ്റി. അടുക്കളയോടു ചേര്‍ന്നുള്ള ചുവരിലാണ് ഇപ്രകാരം ചെയ്തത് എന്നത് സൗകര്യം കൂട്ടി. നാലു കസേരകളും കൂടിയിട്ടപ്പോള്‍ സ്ഥലമൊട്ടും പാഴാക്കാതെ കിടിലന്‍ ബ്രേക്ഫാസ്റ്റ് കൗണ്ടറായി.
സാമിയുടെ ആശയം കണ്ടതോടെ പലരും തങ്ങളുടെ വീട്ടിലും ഇതു പരീക്ഷിക്കാന്‍ പോവുകയാണെന്ന് കമന്റുകളുമായെത്തി. പണമൊട്ടും ചെലവഴിക്കാതെ നിലവിലുള്ള വസ്തുക്കള്‍ കൊണ്ടുതന്നെ ബ്രേക്ഫാസ്റ്റ് ബാറുണ്ടാക്കിയ സാമിയുടെ കഴിവിനെ അഭിനന്ദിക്കുന്നവരും കുറവല്ല. വീട്ടിലെ വലിയ മേശ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ അതിനൊരു പോംവഴി കിട്ടിയെന്നും പലരും പറയുന്നു.
Content Highlights: lady creates free breakfast bar by sawing old dining room table
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..