കുന്നംകുളം: ഇത് കുന്നംകുളത്തെ ഇരട്ടവീടുകൾ. ചരിത്രപ്രാധാന്യമുള്ള കുന്നംകുളം വലിയങ്ങാടിയോട് ചേർന്നാണ് ഈ വീടുകൾ. സുറിയാനി ക്രിസ്ത്യാനികളുടെ ഈ തെരുവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മണക്കുളം, ചിറളയം രാജാക്കൻമാർ നൽകിയ ഭൂമിയിലാണ് ഇന്നുകാണുന്ന വലിയങ്ങാടി രൂപപ്പെട്ടത്. യഹൂദരുടെ പാരമ്പര്യത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വലിയങ്ങാടി എന്ന സങ്കൽപ്പം ഉടലെടുത്തത്. വീടിനു മുന്നിൽ കച്ചവടവും പിന്നിൽ താമസവും എന്ന രീതിയായിരുന്നു ഇവിടത്തെ പൂർവികർക്ക്.

കുന്നംകുളം വലിയങ്ങാടിയിൽ ഇത്തരത്തിൽ അൻപതിലധികം വീടുകളുണ്ട്. ഇവയ്ക്കെല്ലാം ദശാബ്ദങ്ങളുടെ പഴക്കവുമുണ്ട്. ഒരു ചുവരുകൊണ്ട് വേർതിരിച്ച രണ്ട് വീടുകൾ കാഴ്ചയിൽ കൗതുകകരമാണ്. പല ഇരട്ടവീടുകളിലും ഇരുവശത്തും താമസിക്കുന്നവർ ചിലപ്പോൾ ബന്ധുക്കൾ പോലും ആയിരിക്കില്ല. എന്നാലും പരസ്പരം സഹകരണത്തോടെ അവർ കഴിയുന്നു. ചില ഇരട്ടവീടുകൾക്ക് പൊതുവായി ഒരു കിണർ മാത്രമേ ഉണ്ടാകുകയുളളൂ.

രണ്ടും മൂന്നും നിലകളുള്ള ഇരട്ടവീടുകളും ഇക്കൂട്ടത്തിലുണ്ട്. ചിലയിടങ്ങളിൽ മൂന്നു വീടുകൾ ഈവിധം ചേർന്നുകാണാം. മുൻപ് എല്ലാ വീടുകളും ഓലമേഞ്ഞവയായിരുന്നു. പിന്നീട് ചിലത് ഓടുമേഞ്ഞു. മറ്റു ചില ഇരട്ടവീടുകളുടെ ഇടഭിത്തി ഒഴിവാക്കി ഒറ്റവീടാക്കി മാറ്റി. ചില വീടുകൾ പൊളിച്ചുകളഞ്ഞ് പുതിയത് പണിതു.

ഇരട്ടവീടുകളുടെ നിർമാണരീതിയിലും ചില പ്രത്യേകതകളുണ്ട്. ഓലമേഞ്ഞിരുന്ന സമയത്ത് തീപ്പിടിത്തസാധ്യത മുന്നിൽ കണ്ടുകൊണ്ടാകണം, കഴുക്കോൽ ചുമരിനകത്താക്കിയുള്ള നിർമാണരീതിയായിരുന്നു.

കുരിശാകൃതിയിലാണ് വലിയങ്ങാടിയുടെ രൂപഘടന. നാല് പ്രധാന പാതകളും ഇവ സന്ധിക്കുന്ന ഒരു പ്രധാന കവലയും. ഈ പ്രധാന കവല (നടുപ്പന്തി) മറ്റു ഭാഗങ്ങളേക്കാൾ ഉയരത്തിലായിരിക്കും. നാല് പ്രധാന പാതകളിലും ഓരോ പള്ളിയുണ്ട്. പ്രധാന അങ്ങാടികൾക്ക് പുറകുവശത്ത് ‘പിന്നിലങ്ങാടികൾ’ ഉണ്ടാകും. പാതയ്ക്കിരുവശത്തും അഴുക്കുചാലുകൾ ഉണ്ടാകും. ഈ അഴുക്കുചാലുകൾ സമീപത്തെ വയലിലേക്ക് ബന്ധിപ്പിച്ചിരിക്കും. ഇത്തരത്തിൽ വളരെ വ്യക്തമായ ആസൂത്രണം വലിയങ്ങാടിയുടെ രൂപവത്‌കരണത്തിൽ കാണാം. ഇതേ മാതൃകയിലുള്ള അങ്ങാടികൾ പഴഞ്ഞി, ചാലിശ്ശേരി, ചിറ്റാട്ടുകര എന്നിവിടങ്ങളിലും കാണാം.

“വലിയങ്ങാടിയിലെ ഇരട്ടവീടുകൾക്ക് കാലങ്ങളോളം പഴക്കമുണ്ട്. ഒരേ കുടുംബത്തിൽപ്പെട്ടവർ തന്നെയായിരിക്കും മിക്കപ്പോഴും ഈ ഇരട്ടവീടുകളിൽ താമസിച്ചിരുന്നത്. പലപ്പോഴും കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരത്തിൽ ഇരട്ടവീടുകൾ രൂപപ്പെട്ടിട്ടുണ്ടാവുക. സ്വത്ത് ഭാഗം വയ്ക്കുമ്പോൾ, ദൂരദേശത്തേക്ക് പോകാതെ െഎക്യത്തോടെ താമസിക്കാനുള്ള വഴിയായി ഇരട്ടവീട് എന്ന സങ്കല്പം ഉടലെടുത്തതായിരിക്കാം.”

ബിജു സി. ബേബി

കൗൺസിലർ

കുന്നംകുളം നഗരസഭ, 6-ാം വാർഡ് (നടുപ്പന്തി-വലിയങ്ങാടി)

തയ്യാറാക്കിയത്‌ : വിനയ്‌ വി

Content Highlights:  Kunnamkulam Valiyangadi is famous for its twin houses which are decades old