കോഴിക്കോട്: മാതൃഭൂമിയുടെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ബില്‍ഡിങ് എക്‌സ്‌പോ 'മൈ ഹോം' കോഴിക്കോട് സരോവരം ബയോപാര്‍ക്കിനു സമീപത്തെ പി.വി.കെ. പ്രോപ്പര്‍ട്ടി ഗ്രൗണ്ടില്‍ തുടങ്ങി. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു.
 
ഒരു വീടിനെ കുറിച്ചറിയേണ്ട കാര്യങ്ങള്‍ മുതല്‍ ഭവനവായ്പ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍വരെ മേളയിലുണ്ട്. രാജ്യത്തെ മുന്‍നിര ബില്‍ഡര്‍മാര്‍, ഇന്റീയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുടെതുള്‍പ്പെടെ 50 സ്റ്റാളുകളാണുള്ളത്. ഒരു വീടിന്റെ പ്ലാനിങ് മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാകാര്യങ്ങളും ഒരുകുടക്കീഴില്‍ അണിനിരിക്കുന്നതാണ് മേളയുടെ പ്രത്യേകത. പുതിയ നിര്‍മാണ സങ്കേതങ്ങള്‍, വാസ്തു ശൈലികള്‍, ഗാര്‍ഹിക അനുബന്ധസാമഗ്രികള്‍ എല്ലാം മേളയിലുണ്ട്.
 
വാസ്തു സങ്കേതങ്ങളെക്കുറിച്ച് എല്ലാദിവസവും ശില്‍പ്പശാലയുമുണ്ട്. ബജറ്റ് ഹോമിനെക്കുറിച്ച് ആര്‍കിടെക്റ്റ് പി.പി. വിവേക് ക്‌ളാസെടുത്തു. 26-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എ.ജി.എം. ടി. സേതുമാധവന്‍ നായര്‍ ഭവനവായ്പയെക്കുറിച്ച് വിശദീകരിക്കും. എയര്‍ കണ്ടീഷന്‍ചെയ്ത പ്രദര്‍ശന നഗരിയാണ്. രാവിലെ 11 മുതല്‍ വൈകീട്ട് എട്ടുവരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. 27-ന് സമാപിക്കും. മേളയില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

മേളയില്‍ വിവിധതരം വിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ടുമുണ്ട്.

മൈഹോമില്‍ ഇന്ന്

വൈകീട്ട് ആറിന് ആധുനിക ഗൃഹനിര്‍മാണത്തില്‍ വാസ്തുവിന്റെ പ്രസക്തിയെക്കുറിച്ച് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ക്ലാസെടുക്കും.