നാലു സാധാരണവീടുകള്‍ ഒന്നിച്ചുചേര്‍ന്നാലുള്ള വലുപ്പം, കിടപ്പുമുറികള്‍തന്നെ ഇരുപതില്‍ക്കൂടുതല്‍, ഒട്ടേറെ അടുക്കളകള്‍. താമസം ഒന്നും രണ്ടുമല്ല, ഏഴ് കുടുംബങ്ങള്‍. നാലു പരമ്പരകളിലായിവരുന്ന അമ്പതോളം അംഗങ്ങള്‍. കുറ്റിച്ചിറയ്ക്കടുത്ത് ചെമ്മങ്ങാട്ടെ മുസ്ലിം തറവാടായ സൗത്ത് കൊശാനി വീട്ടിലെ വിശേഷങ്ങള്‍  തുടങ്ങുന്നേയുള്ളൂ. തെക്കേപ്പുറം പ്രദേശത്തിന് സവിശേഷമായുള്ള പരമ്പരാഗതശൈലിയിലാണ് ഈ ഇരുനിലമാളികയുടെ നിര്‍മിതി.

''കുറഞ്ഞത് 150ലേറെ വര്‍ഷം തറവാടിന് പഴക്കമുറപ്പ്. ഇരുനൂറോളം വര്‍ഷമെന്നും കേള്‍ക്കുന്നു'' കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളും കേരള ഫുട്ബോള്‍ ടീം മുന്‍ വൈസ് ക്യാപ്റ്റനുമായ ശൈഖ് മാമു പറഞ്ഞു. ചെറിയ ആയിശബി, ഇയ്യായ, ഇഞ്ഞാമ, കല്‍മതി എന്നിവരുടെ കുടുംബപരമ്പരയാണ് ഇന്നിവിടെ കഴിയുന്നത്. 

കുടുംബത്തിലെ പുരുഷന്മാര്‍ വിവാഹത്തോടെ  ഭാര്യ വീട്ടിലേക്ക് താമസംമാറുകയും പെണ്‍മക്കള്‍ തറവാട്ടില്‍ താമസം തുടരുകയുമാണ് പതിവ്. ഇങ്ങനെ പാരമ്പര്യമായി കിട്ടിയ മുറികളില്‍ പെണ്‍മക്കള്‍ കുടുംബമായി കഴിയുന്നു. കുടുംബത്തിന്റെ സംഖ്യ  കൂടുന്നതിനൊപ്പം അനുബന്ധസൗകര്യങ്ങള്‍ ഒരുക്കും. നേരത്തേ മുന്നൂറോളം പേരിവിടെ സകുടുംബം  താമസിച്ചിരുന്നു.

എസ്.കെ.വി. എന്നെഴുതിയ, ഓടുമേഞ്ഞ വലിയ പടിപ്പുരയും ഒരറ്റത്ത് സ്ത്രീകള്‍ക്കായുണ്ടാക്കിയ ചെറിയ പടിപ്പുരയും ഇടയില്‍ പില്‍ക്കാലത്തുണ്ടാക്കിയ വലിയൊരു ഗേറ്റും. കാറുകളും സ്‌കൂട്ടറുകളും സൈക്കിളുകളുമായി വാഹനനിര നിരന്നുകിടക്കുന്ന വലുപ്പമേറിയ മുറ്റം. വിശാലമായ കോലായയില്‍ നിലത്തുവിരിച്ചിരിക്കുന്നത് ബോംബെക്കല്ല് എന്നറിയപ്പെടുന്ന ദീര്‍ഘ ചതുരക്കല്ലുകളാണ്. കാലപ്പഴക്കംകൊണ്ട് കല്ലുകളുടെ പ്രതലം തേഞ്ഞുതീര്‍ന്നിരിക്കുന്നു. പ്രധാന വാതിലിന് ഇരുവശങ്ങളിലായി വീതികൂടിയ ഓരോ കിളിവാതിലുകള്‍. ഇവയോടുചേര്‍ന്ന് ഇതേ വലുപ്പത്തില്‍ കോലായയില്‍  വലിയ ബെഞ്ച്. കിളിവാതിലിന്റെ മറുവശത്ത്  സ്വീകരണമുറിയില്‍ സമാനമായ വലുപ്പത്തില്‍ ഇടനിരകളെന്ന് വിളിക്കുന്ന തൂക്കുകട്ടിലുകള്‍. തൊട്ടടുത്ത് വലിയ തൂണുകളോടുകൂടി രണ്ട് കൊട്ടിലുകള്‍(തിണ്ണ).

koshani
കൊശാനി വീടിന്റെ അകത്തളം

സ്വീകരണമുറി കടന്നുചെന്നാല്‍ നടുമുറിയാണ്. നിരവധി തൂണുകളാല്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന നടുമുറിയില്‍ നാലാംമുറ്റമെന്ന് വിളിക്കുന്ന നടുമുറ്റം. ഇവിടെനിന്നാണ് അടുക്കളയിലേക്കും മുകളിലേക്കുള്ള രണ്ട് ഗോവണിപ്പടികളിലേക്കും കയറുന്നത്. പഴയ  അടുക്കളക്കെട്ടില്‍നിന്ന് സ്ത്രീകള്‍ക്കുള്ള കുളിപ്പുരയിലേക്ക് കയറാം. കിണറിനുമുകളില്‍ കമാനാകൃതിയിലുള്ള  മതില്‍കെട്ടി സ്വകാര്യത ഉറപ്പാക്കുന്നു. പഴയ അടുക്കളയില്‍ ഗ്യാസടുപ്പുകളും വിറകടുപ്പുകളും. ഇവിടെ  സൗകര്യം പോരെന്ന് വന്നപ്പോഴാണ് പുറത്ത് മറ്റൊരു  അടുക്കളക്കെട്ടുതന്നെ പണിതത്. 

പുറത്ത് മയ്യത്ത് കുളിപ്പിക്കാന്‍ മാത്രമായുണ്ടാക്കിയ തിണ്ണ. വീടിന്റെ ഒരറ്റത്ത് ആണുങ്ങള്‍ക്കുള്ള കിണറും കുളിപ്പുരയും. അംഗങ്ങള്‍ ഒത്തുകൂടുന്പോള്‍  ബാഡ്മിന്റണ്‍ മത്സരം നടത്താന്‍ പ്രത്യേക കോര്‍ട്ടും ഈയിടെ ഒരുക്കിയിട്ടുണ്ട്.മുകളിലെ നിലയിലെ വിശാലമായ ഹാളുകളെല്ലാം പില്‍ക്കാലത്ത് താമസക്കാരുടെ എണ്ണംകൂടിയപ്പോള്‍ മുറികളാക്കിമാറ്റുകയായിരുന്നു. 

വീട്ടിലെ സന്തതിപരമ്പരകളെല്ലാംതന്നെ ഈ വീടിന്റെ അവകാശികളാണെന്നതാണ് സവിശേഷത. ഓരോ പെണ്‍കുട്ടിയും വിവാഹിതയാകുമ്പോള്‍ സ്വന്തമായൊരു അറ ലഭിക്കുന്നു. ക്രമേണ മറ്റെല്ലാ സൗകര്യങ്ങളും അനുബന്ധമായുണ്ടാക്കി, പുതിയൊരു കുടുംബം അതിനകത്ത് വളരുന്നു. സ്വന്തമായി വീടുവെച്ച് മാറുന്നവര്‍ മുറി വേണ്ടപ്പെട്ടവര്‍ക്ക് കൈമാറുന്നു. വിശേഷാവസരങ്ങളില്‍ സംഘടിപ്പിക്കുന്ന  കുടുംബസംഗമങ്ങളില്‍ സൗത്ത് കൊശാനി തറവാട്ടുപരമ്പരയിലെ എല്ലാവരും ഒത്തുകൂടും.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: koshani tharavadu in kuttichira