ചെന്നൈയിൽ തമിഴ്നാട് നഗരപാർപ്പിട വികസനബോർഡിന്റെ ഭവനിർമാണപദ്ധതി കേരള റവന്യൂ-ഭവന നിർമാണവകുപ്പുമന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു. തമിഴ്നാട് മന്ത്രി ടി.എം. അൻപരശൻ, കേരള റവന്യൂ-ഭവനനിർമാണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സമീപം
ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ദേശീയ ഭവനോദ്യാനത്തില് (നാഷണല്‍ഹൗസ് പാര്‍ക്ക്) ഒരുക്കാന്‍ സാധിക്കുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട് ഹൗസിങ് ബോര്‍ഡും നഗരപാര്‍പ്പിട വികസനബോര്‍ഡും നിര്‍മിക്കുന്ന ബജറ്റ് ഫ്ളാറ്റുകള്‍, മദ്രാസ് ഐ.ഐ.ടി. മുന്‍വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത ത്രിമാനഭവനങ്ങള് എന്നിവ നേരില്‍ക്കണ്ട് വിലയിരുത്തി.
തമിഴ്നാട് സര്‍ക്കാരിന്റെ ഭവനപദ്ധതി നടത്തിപ്പു സംബന്ധിച്ച് ഭവനനിര്മാണവകുപ്പുമന്ത്രി എസ്. മുത്തുസാമിയുമായി ചര്‍ച്ചനടത്തി. നഗരപാര്‍പ്പിട ബോര്‍ഡ് പദ്ധതികളെക്കുറിച്ച് മന്ത്രി ടി.എം. അന്പരശന് വിശദീകരിച്ചു. മലയാളികളായ മുന്‍ ഐ.ഐ.ടി. വിദ്യാര്‍ഥികള്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുമായി തിരുവനന്തപുരത്ത് ത്രിമാനഭവനങ്ങളുടെ സോദാഹരണ വിവരണം നടത്തുന്നതിന് ധാരണയായി. കംപ്യൂട്ടറില്‍ തയ്യാറാക്കുന്ന കെട്ടിടത്തിന്റെ ഡിസൈന്‍ അനുസരിച്ച്, നിര്‍മാണസാമഗ്രികള്‍ നിറച്ചുവെച്ചിട്ടുള്ള ത്രീഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇഷ്ടികയ്ക്കുപകരം കോണ്‍ക്രീറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് അഞ്ചുദിവസംകൊണ്ടാണ് ചെന്നൈയിലെ വീടിന്റെ പെയിന്റിങ്, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍ തുടങ്ങിയവ ഒഴികെയുള്ള പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെന്നൈയ്ക്ക് സമീപം ദക്ഷിണചിത്രയിലുള്ള വിവിധ ഭവന മാതൃകകളും സംഘം സന്ദര്‍ശിച്ചു. റവന്യൂ, ഭവനനിര്‍മാണ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, കേരള സംസ്ഥാന നിര്‍മിതികേന്ദ്ര ഡയറക്ടര്‍ ഡോ.ഫെബി വര്‍ഗീസ് എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
കേരള ഭവനവകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന നിര്‍മിതികേന്ദ്രയാണ് തിരുവനന്തപുരത്ത് ആറേക്കര്‍ സ്ഥലത്ത് ഭവനോദ്യാനം ആരംഭിക്കുന്നത്. പുതിയ കാലത്തിനനുസരിച്ചുള്ള ഭവനനിര്മാണരീതികളും, സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
നാല്പതുതരത്തിലുള്ള ഭവനനിര്മാണരീതികള് നേരില്‍ക്കണ്ട് മനസ്സിലാക്കാനുള്ള സൗകര്യം ഇവിടെയൊരുക്കുമെന്ന് മന്ത്രി രാജന് പറഞ്ഞു. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ടാകും. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി രണ്ടുകോടി രൂപ അനുവദിച്ചു. ആകെ 20 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Content Highlights: kerala team visited chennai to study housing models
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..