
Photo: Pixabay
കൊല്ലം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് നിര്‍മാണങ്ങളില്‍ കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെറെറ) പിടിമുറുക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് നീക്കം. ഇതിനായി നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ശേഖരിക്കും.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ പരിധിയിലെ നിര്‍മാണങ്ങളുടെ വിശദാംശങ്ങള്‍ അതോറിറ്റിക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതോറിറ്റിക്ക് നേരിട്ട് info.rera@kerala.gov.in ലേക്ക് ഇമെയില്‍ വഴി വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് നിര്‍ദേശം.
2016ലെ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന് ആന്‍ഡ് ഡെവലപ്മെന്റ്) ആക്ട് പ്രകാരമാണ് തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാനതല അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചത്. 500 ചതുരശ്രമീറ്ററില്‍ കൂടുതല്‍ ഭൂമിയിലുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികളും എട്ടോ അതിലധികമോ അപ്പാര്‍ട്ട്മെന്റുകളുള്ള കെട്ടിടങ്ങളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു വ്യക്തിക്ക് പാട്ടത്തിന് നല്‍കാനുള്ള പ്ലോട്ടുകള്‍, ഫ്ളാറ്റുകള്‍, കടകള്‍, ഓഫീസ് സ്ഥലം, ഗോഡൗണുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന നടത്താനോ പരസ്യം ചെയ്യാനോ പാടില്ല.
അമ്പതോളം ഫ്ളാറ്റുകള്‍ മാത്രമാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഫ്ളാറ്റുകള്‍ മാത്രമല്ല ഇതിന്റെ പരിധിയില്‍ വരുന്നതെന്ന് കെറെറ ചെയര്മാന് പി.എച്ച്.കുര്യന് പറഞ്ഞു. സ്വന്തം സ്ഥലം മൂന്നോ നാലോ പേര്‍ക്കായി വില്ക്കുന്നതിനു തടസ്സമില്ല. എന്നാല്‍, ഭൂമി പല പ്ലോട്ടുകളായി വിഭജിച്ച് വഴിയും മറ്റ് സൗകര്യങ്ങളും നല്കി വില്‍പ്പന നടത്തുന്നതിന് അതോറിറ്റിയുടെ രജിസ്ട്രേഷനും അനുമതിയും ആവശ്യമാണ്. വില്ല നിര്‍മാണവും ഇതില്‍ വരും.
പല പ്രൊമോട്ടര്‍മാരും രജിസ്ട്രേഷന് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. ചില വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയും ചിലത് തെറ്റായുമാണ് നല്‍കുന്നതെന്ന് അതോറിറ്റി കണ്ടെത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ചട്ടങ്ങള്‍ ലംഘിക്കുന്നതും പിഴ ചുമത്തുന്നതിനിടയാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അഞ്ചുശതമാനംവരെ തുകയാണ് പിഴയായി ഈടാക്കുക. നിര്‍മാണം നടക്കുന്ന സ്ഥലത്തെ ഫോട്ടോകളും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: kerala real estate regulatory act
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..