ഷാര്‍ജ: നാട്ടില്‍ ഒരു വീട് സ്വപ്നം കാണുന്ന പ്രവാസികള്‍ക്കെല്ലാം വഴികാട്ടുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. ഇത് മൂന്നാം തവണയാണ് മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ ഒരുക്കുന്നത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന മേള ശനിയാഴ്ച രാത്രി എട്ട് മണി വരെ നീണ്ടുനില്‍ക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ഷാര്‍ജ രാജകുടുംബാംഗം ശൈഖ് സുല്‍ത്താന്‍ അബ്ദുള്ള സാലിം സുല്‍ത്താന്‍ അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യും.

ബില്‍ഡര്‍മാരുടെ അപക്‌സ് അതോറിറ്റിയായ ക്രെഡായി (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെയാണ് പ്രോപ്പര്‍ട്ടി എക്‌സ്പോയുടെ മൂന്നാം സീസണും സംഘടിപ്പിക്കുന്നത്. പ്രമുഖ ബില്‍ഡര്‍മാര്‍ അണിനിരക്കുന്ന അറുപതോളം സ്റ്റാളുകളിലായി അവരുടെ മുന്നൂറിലേറെ ഭവന പദ്ധതികളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളാണ് ഇവയെല്ലാം. ഭവനവായ്പയ്ക്ക് ആവശ്യമായ ബാങ്കിങ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 2018- ലും 2019-ലും വിജയകരമായി സംഘടിപ്പിച്ച മേള കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരെല്ലാം അണിനിരക്കുന്ന ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഷോ എന്ന വിശേഷണം കൂടി മാതൃഭൂമി ഡോട്ട് കോമിന്റെ ഈ സംരംഭത്തിനുണ്ട്. ആദ്യ രണ്ട് മേളകളും വന്‍ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ബില്‍ഡര്‍മാരും മൂന്നാം സീസണില്‍ പങ്കെടുക്കുന്നത്.

പൂര്‍ത്തിയായതും നിര്‍മാണം നടക്കുന്നതുമായ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമേ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, ഷോപ്പിങ് സെന്റര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകളും എക്‌സ്പോയില്‍ ഉണ്ട്. ബാങ്കിങ്, ഫിനാന്‍സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം. എക്‌സ്പോയോടനുബന്ധിച്ച് കുട്ടികള്‍ക്കായി രണ്ട് ദിവസവും വൈകീട്ട് മൂന്നിന് ചിത്രരചനാ മത്സരവും ഒരുക്കുന്നു. 'മൈ ഹാപ്പി ഹോം' എന്നതാണ് വിഷയം.

Content Highlights: Kerala property expo