ഷാര്‍ജ:  നാട്ടില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കാണുന്ന പ്രവാസികള്‍ക്ക് വഴികാട്ടാനായി മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ ഒരുക്കിയ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ എല്ലാ അര്‍ത്ഥത്തിലും വലിയ വിജയമായി.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍  നവംബര്‍ 26, 27 തിയ്യതികളില്‍ നടത്തിയത് പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ മൂന്നാം സീസണായിരുന്നു. ക്രെഡായിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേളയില്‍ കേരളത്തിലെ 42 പ്രമുഖ ബില്‍ഡര്‍മാരാണ് അണിനിരന്നത്. ഭവനവായ്പ സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനായി നാല് പ്രമുഖ ബാങ്കുകളും മേളയുടെ ഭാഗമായി. നൂറുകണക്കിന് മലയാളികളാണ് മേളയില്‍ എത്തിയത്.  ധാരാളം അറബ് പൗരന്മാരും മേളയിലെത്തി ഭവന പദ്ധതികളെ കുറിച്ച് ചോദിച്ചറിഞ്ഞു. വയനാടിലെയും കൊച്ചിയിലെയും  ലക്ഷ്വറി വില്ലകളെ കുറിച്ചായിരുന്നു അവര്‍ക്ക അറിയേണ്ടിയിരുന്നത്. പ്രവാസികളാകട്ടെ ഇഷ്ട നഗരങ്ങളിലെ മനോഹരമായ ഭവനപദ്ധതികളെ കുറിച്ച് ചോദിച്ചറിഞ്ഞാണ് മടങ്ങിയത്. നിരവധി ബില്‍ഡര്‍മാര്‍ സ്വന്തം പവലിയനില്‍ വെച്ച് തന്നെ ബുക്കിംഗ് സ്വീകരിച്ചു. വില്ലയോ ഫ്‌ലാറ്റോ വാങ്ങാന്‍ ശരിക്കും താല്‍പ്പര്യമുള്ളവരാണ് ഇത്തവണ മേളയിലെത്തിയതെന്നും ഇത്തരത്തില്‍ നൂറുകണക്കിന് പേരാണ് സാധ്യതാപട്ടികയിലുള്ള ഇടപാടുകാരെന്നും മിക്ക ബില്‍ഡര്‍മാരും പറയുന്നു. വരും ദിവസങ്ങളില്‍ അത്തരക്കാരെ വ്യക്തിപരമായി തന്നെ സമീപിച്ച് ബിസിനസ് ഉറപ്പിക്കാന്‍ ഏതാനും ദിവസം കൂടി വിവിധ ബില്‍ഡര്‍മാരുടെ പ്രതിനിധികള്‍ യു.എ.ഇ യില്‍ തങ്ങുന്നുണ്ട്.

2018 ലും 2019ലും വിജയകരമായി സംഘടിപ്പിച്ച മേള കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്  2021 ല്‍ തിരിച്ചെത്തിയത്. കോവിഡിന്റെ ആശങ്കകളും അനിശ്ചിതത്വങ്ങളും മാറിയതോടെ വലിയ ഉല്‍സാഹത്തോടെയാണ് എല്ലാവരും മേളയെ സ്വാഗതം ചെയ്തത്. കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരെല്ലാം അണിനിന്ന ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഷോ എന്ന വിശേഷണം കൂടി മാതൃഭൂമി ഡോട്ട് കോമിന്റെ ഈ സംരംഭം നിലനില്‍ത്തി.  ആദ്യ രണ്ട് മേളകളും നല്‍കിയ  വന്‍ വിജയത്തിന്റെ  ആത്മവിശ്വാസത്തിലാണ്  കൂടുതല്‍ ബില്‍ഡര്‍മാര്‍  മൂന്നാം സീസണില്‍ പങ്കെടുത്തത്. അമ്പത് ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെ വിലമതിക്കുന്ന വൈവിധ്യമാര്‍ന്ന ഭവനപദ്ധതികളാണ് മേളയില്‍ അവതരിപ്പിക്കപ്പെട്ടത്. ഷോപ്പിംഗ് മാളുകളില്‍ നിക്ഷേപത്തിന് അവസരം നല്‍കുന്ന ബില്‍ഡര്‍മാരെ തേടിയും നിരവധി പേര്‍ എത്തി. നിര്‍മാണം പൂര്‍ത്തിയായതും നിര്‍മ്മാണം നടക്കുന്നതുമായ ഫഌറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമേ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്, ഷോപ്പിംഗ് സെന്റര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകളും എക്‌സ്‌പോയില്‍ ഉണ്ടായിരുന്നു.

Content Highlights: kerala property expo, kerala property expo 2021, kerala property expo news