ഷാര്‍ജ: കേരളത്തില്‍ താമസിയാതെ സ്വന്തമായി വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ യിലെ സ്വദേശിപ്രമുഖര്‍.

കേരളവുമായുള്ള അടുത്ത ബന്ധവും മലയാളികളോടുള്ള അടുപ്പവുംതന്നെ ഇതിനുള്ള അടിസ്ഥാനം. അതൊടൊപ്പം കേരളത്തിന്റെ മനോഹാരിതയും.

മാതൃഭൂമി ഒരുക്കിയ കേരള പ്രോപ്പര്‍ട്ട്ി എക്സ്പോയില്‍ അതിഥികളായെത്തിയ ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഔഖാഫ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമദ് അല്‍ ഖാസിമി പരസ്യമായിത്തന്നെ ഈ കാര്യം പ്രഖ്യാപിച്ചു. കേരളത്തെ സ്നേഹിക്കുകയും അവിടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന പ്രഖ്യാപനം സദസ്സ് വന്‍ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

എല്ലാ വര്‍ഷവും ആറുമാസംമാത്രം യു.എ.ഇയില്‍ താമസിച്ചുവന്ന ഒരുഅമ്മാവന്‍ ശേഷിക്കുന്ന ആറുമാസം കേരളത്തിലായിരുന്നു വിശ്രമിച്ചതെന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇതും കേരളത്തോടുള്ള പ്രണയംകൂട്ടിയതായി അദ്ദേഹം പറഞ്ഞു.

സമാപനച്ചടങ്ങ് കഴിഞ്ഞശേഷം മേള കാണാനെത്തിയ ഷാര്‍ജയിലെ വാണിജ്യപ്രമുഖനായ ബുഖാദിര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഖലഫ് അബ്ദുള്‍റഹ്മാന്‍ ബുഖാദിറും കേരളത്തില്‍ വീട് വാങ്ങാനുള്ള ആഗ്രഹംപ്രകടിപ്പിച്ചു. വയനാടും കൊച്ചിയുമൊക്കെ തന്നെ എപ്പോഴും മോഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Content Highlights: kerala property expo 2019