നാട്ടില്‍ ഒരു സ്വപ്നഭവനം കണ്ടെത്താനുള്ള മോഹവുമായെത്തിയ വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ രണ്ടാമത് കേരള പ്രോപ്പര്‍ട്ടി എക്സ്പോ ശനിയാഴ്ച സമാപിച്ചു. മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ ക്രെഡായിയുടെ സഹകരണത്തോടെയായിരുന്നു മേള.

വെള്ളിയാഴ്ച കാലത്ത് ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ച രണ്ടുദിവസത്തെ മേളയില്‍ ആയിരങ്ങളാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. മേളയില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള ബില്‍ഡര്‍മാര്‍ക്ക് അദ്ദേഹം മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു. പ്രവാസികള്‍ക്ക് വേണ്ടി മാതൃഭൂമി ഒരുക്കിയ ഈ സംരംഭത്തിന് വേദിയായി ഷാര്‍ജയെ തിരഞ്ഞെടുത്തത് വലിയ നേട്ടമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗൃഹീതമായ കേരളത്തില്‍ ഒരു വീട് വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന രാജകുടുംബാംഗത്തിനുവേണ്ടി മാതൃഭൂമി ഒരുക്കിയ കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം അതില്‍ പങ്കുചേര്‍ന്നു. ക്രെഡായ് പ്രതിനിധികളായ രവി ജേക്കബ്, അബ്ദുള്‍ ലത്തീഫ്, അരുണ്‍കുമാര്‍, സേതുനാഥ്, ജോണ്‍ തോമസ്, സില്‍വര്‍ ഹോംസ് ഡയറക്ടര്‍ വി.എ. സലിം, മാതൃഭൂമി ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു. ചിത്രരചനാമത്സര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും അദ്ദേഹം സമ്മാനിച്ചു. മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു.

വൈകീട്ട് മേള കാണാനെത്തിയ ബുഖാദിര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഖലഫ് അബ്ദുള്‍ റഹ്മാന്‍ ബുഖാദിറും കേരളത്തില്‍ ഒരു വീട് വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

Content Highlights: kerala property expo 2019