നെടുങ്കണ്ടം: ആശിച്ച് മോഹിച്ചാണ് ബിനീഷ് വീട് വെച്ചത്. മണലാരണ്യത്തില്‍ ഭാര്യയുമൊത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതും കൃഷി ചെയ്ത് സമ്പാദിച്ചതുമെല്ലാം വീടിനായി മുടക്കി. വായ്പയുമെടുത്തു. പക്ഷെ 48 മണിക്കൂറിനുള്ളില്‍ സ്വപ്നങ്ങളെല്ലാം മണ്ണടിഞ്ഞു പോയി. മാവടി പള്ളിപ്പടി തേനമാക്കല്‍ ബിനീഷിന്റെ പുതുപുത്തന്‍ ഇരുനില വീടാണ് കഴിഞ്ഞ പ്രളയത്തില്‍ മണ്ണിനടിയിലേക്ക് താഴ്ന്നു പോയത്.

മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊന്നും അന്ന് മാവടിയിലുണ്ടായില്ല. എന്നാല്‍ മഴ കനത്തിരുന്നു. ഇങ്ങനെയൊരു ദുരന്തം അവര്‍ പ്രതീക്ഷിച്ചില്ല. ഭൂമിക്കടിയിലൂടെയുള്ള വെള്ളപ്പാച്ചിലില്‍ അടിത്തട്ടിലെ മണ്ണൊലിച്ചുപോയി. എന്നാല്‍ പുറത്തത് കണ്ടില്ല. എന്നാല്‍ പ്രളയം കനത്ത 2018 ഓഗസ്റ്റ് 14-ന് വൈകീട്ട് ബിനീഷിന്റെ വീടിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണു.

അപകടം മണത്ത ബിനീഷും കുടുംബവും സഹോദരന്റെ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പോഴേക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം മണ്ണ് പിളര്‍ന്ന് മാറിയിരുന്നു. ഓഗസ്റ്റ് 16-ന് വീട് പൂര്‍ണമായും നിലംപതിച്ചു. ബിനീഷിന്റെ കൃഷിഭൂമിയില്‍ ഉള്‍പ്പെടെ നാലര കിലോമീറ്ററില്‍ അധികം പ്രദേശമാണ് ഭൂമി പിളര്‍ന്നുമാറിയിരുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള്‍ താഴ്ചയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു.

idukki flood
വീടിരുന്നസ്ഥലം ഇപ്പോള്‍

പുതിയ വീട് വാങ്ങി

സഹിക്കാന്‍ പറ്റാത്ത ദുരന്തമാണെങ്കിലും ഇവര്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലായിരുന്നു. വീട് ഇടിഞ്ഞുതാഴ്ന്നിടത്ത് മറ്റ് നിര്‍മാണങ്ങളൊന്നും നടത്തെരുതെന്ന് റവന്യൂ അധികൃതര്‍ ബിനീഷിന് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടില്‍ പുതിയ വീട് വാങ്ങിയാണ് ബിനീഷും കുടുംബവും കഴിയുന്നത്. സര്‍ക്കാരിന്‍ നിന്ന് വീട് തകര്‍ന്നതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. ലോണുണ്ടായിരുന്ന ബാങ്ക് പുതിയ വീട് വാങ്ങാന്‍ ലോണ്‍ പുതുക്കി നല്‍കിയതായും ബിനീഷ് പറഞ്ഞു.

ഭൂമി പിളര്‍ന്ന് നിലംപൊത്തിയ വീട് പൂര്‍ണമായും പൊളിച്ചുനീക്കി. മഴയില്‍ ഇടിഞ്ഞിരുന്ന സമീപത്തെ മണ്‍തിട്ട ഇടിച്ച് നിരത്തി വീടിരുന്നിടത്ത് ഏലം നട്ടു. ഒരു വര്‍ഷത്തിനിപ്പുറം ചുറ്റുമതിലിന്റെ ചില അവശേഷിപ്പുകള്‍ മാത്രമാണ് അവിടെ പഴയ വീടിന്റെ ഭാഗമായി അവശേഷിക്കുന്നത്.

Content Highlights: Kerala floods 2018 collapsed house, kerala flood 2018