കവളപ്പാറ: പന്ത്രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമാണ് സെക്കന്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ആ ശബ്ദത്തില്‍ തകര്‍ന്നടിഞ്ഞത്.

ഇപ്പോള്‍ അവിടെ ആറടിയോളം ഉയരമുള്ള മണ്‍കൂന മാത്രമാണ്. ഇനിയെല്ലാം ഒന്നില്‍നിന്ന് തുടങ്ങണം. നാലരമാസം മുന്‍പ് പണിതീര്‍ത്ത സ്വപ്നവീട് ഇല്ലാതായ സങ്കടം കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുന്നു. പുത്തലവന്‍ അഷ്റഫ് പറഞ്ഞുതുടങ്ങുകയാണ്.

ഓരോതവണ വരുമ്പോഴും ഘട്ടംഘട്ടമായി പണിതാണ് വീട് ഉണ്ടാക്കിയത്. ഇത്തവണ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയാണ് സൗദിയിലേക്ക് വിമാനം കയറിയത്. അടുത്തവട്ടം വരുമ്പോള്‍ വീട്ടില്‍ സുഖമായുറങ്ങണം. അതായിരുന്നു ആഗ്രഹം.

ഒന്‍പതിനു ജോലി സ്ഥലത്തുനിന്നാണ് കവളപ്പാറയിലെ ദുരന്തം അറിഞ്ഞത്. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. ആവലാതിയില്‍ കയ്യിലുള്ള പൈസയെല്ലാം കൂട്ടി അടുത്ത വിമാനത്തില്‍ കയറി പത്തിനു രാത്രി കരിപ്പൂരിലെത്തി. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ സുരക്ഷിതമാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ നിറഞ്ഞുനിന്ന സങ്കടം കണ്ണീരായി ഒഴുകി. അവരുടെ ജീവിതം തിരിച്ചുകിട്ടിയ സന്തോഷമാണ് എല്ലാത്തിലും വലുത്.

40 സെന്റ് സ്ഥലവും വീടുമായിരുന്നു ആകെ സമ്പാദ്യം. മൂന്നുമക്കളും വലുതാകുകയാണ്. തത്കാലം ഒരു വാടക വീട്ടിലേക്ക് മാറും. 40 വയസ്സായി, ഇത്രകാലം സമ്പാദിച്ചത് ഒരുനിമിഷത്തില്‍ തകര്‍ന്നു. കുടുംബം പോറ്റാന്‍ സൗദിയിലേക്ക് മടങ്ങണം. സഹായത്തിന് സര്‍ക്കാറും സുമനസ്സുകളും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍.

ആ നിലവിളി ഞങ്ങളെ രക്ഷിച്ചു

മരങ്ങള്‍ വീഴുന്നേ എന്ന അയല്‍വാസിയുടെ നിലവിളി ഓര്‍ത്തെടുക്കുകയാണ് അഷ്റഫിന്റെ ഭാര്യ ജസ്ന.

ആ അലര്‍ച്ചയാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്. കവളപ്പാറ തോട്ടിലെ വെള്ളം പറമ്പില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് മക്കളായ അജ്മല്‍ ഷാന്‍, ആദില്‍ ഷാന്‍, ജില്‍സ ഷെറിന്‍ എന്നിവരുമായി ജസ്ന അയല്‍വാസിയായ ഷാജഹാന്റെ വീട്ടിലേക്ക് മാറിയത്.

ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അയല്‍പ്പക്കത്തുള്ള ആരുടെയോ നിലവിളി കേട്ടത്. ഉടനെ ഞങ്ങളെല്ലാവരും റോഡിലേക്കോടി.

തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങളുടെ വീടും തകര്‍ത്ത് ഷാജഹാന്റെ വീട്ടിലേക്ക് മരങ്ങളും മണ്ണുംവന്നു പതിക്കുകയായിരുന്നു.

ആ നിലവിളി കേട്ടില്ലായിരുന്നെങ്കില്‍... ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ജസ്ന.

Content Highlights: kavalappara landslide collapses ashraf house