കാലാവസ്ഥാമാറ്റത്തെ പറ്റിയാണ് ലോകമെങ്ങും സംസാരം. പരിസ്ഥിതി സംരക്ഷകരും ശാസ്ത്രജ്ഞരുമെല്ലാം ഈ മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാമാറ്റത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്ന പ്രധാന വില്ലനാണ് പ്ലാസ്റ്റിക്ക്. എത്ര നിരോധിച്ചിട്ടും പലവഴികളിലൂടെ അത് നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കാനും നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നുണ്ട്. അതില്‍ ഒരു ആശയം മികച്ച രീതിയില്‍ നടപ്പാക്കുകയാണ് കര്‍ണാടകയിലെ പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടന. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ട് പരിസ്ഥിതി സൗഹൃദമായ വീട് നിര്‍മിച്ചിരിക്കുകയാണ് ഇവര്‍. 1,500 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മാണം. വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഒരു സ്ത്രീക്ക് വേണ്ടിയാണ് സംഘടന ഈ വീട് നിര്‍മിച്ചത്.

ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് നാലര ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പാച്ചാണ്ടി എന്ന സ്ഥലത്താണ് ഈ വീട്. ചെലവ് കുറവാണെന്ന് മാത്രമല്ല, പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയാണ് ഈ വീടിന്റെ നിര്‍മാണം. സംസ്‌കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് തയ്യാറാക്കിയ 60 പാനലുകളാണ് വീടിനായി ഉപയോഗിച്ചതെന്ന് സംഘടന പറയുന്നു. ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക്ക് കൊണ്ടാണ് തയ്യാറാക്കിയത്. 

കര്‍ണാടകയിലെ ആദ്യത്തെ റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ഹൗസാണ് ഇതെന്ന്‌ സംഘടനയുടെ തലവനായ ഷിഫ്ര ജേക്കബ്‌സ് പറയുന്നത്. വീട് പണിയാന്‍ ഉള്ള സാധനങ്ങളുടെ ഉറപ്പും ഗുണമേന്മയും പരീക്ഷിച്ചറിഞ്ഞശേഷമാണ് ഉപയോഗിക്കുന്നതെന്നും ജേക്കബ്‌സ്. ഇതുപോലെ 20 വീടുകള്‍ കൂടി ഈ പ്രദേശത്ത് പണിയാനാണ് ഇവരുടെ പ്ലാന്‍. ഇത്തരത്തില്‍ പ്രയോജനപ്രദമായ പ്ലാസ്റ്റിക്ക് പുനരുപയോഗങ്ങള്‍ പരിസ്ഥിതിയെ രക്ഷിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ വീടുകളെ പിന്തുണക്കുന്നവര്‍.

Content Highlights: Karnataka Gets its First House Made of Recycled Plastic Waste