കിഴക്കമ്പലം: ലക്ഷംവീടിന്റെ ഇല്ലായ്മകളില്‍ ജീവിച്ചിരുന്ന രാജി വേലായുധനും കുടുംബത്തിനും കമലഹാസന്‍ പുതിയ വില്ലയുടെ താക്കോല്‍ കൈമാറിയപ്പോള്‍ ഞാറള്ളൂരില്‍ കൂടിയ ജനസാഗരം ആഹ്ലാദത്താലും അഭിമാനത്താലും ശബ്ദഘോഷമുയര്‍ത്തി, കൈയടിച്ചു. തുടര്‍ന്ന് 36 വില്ലകളുടെ കൂടി താക്കോല്‍ദാനം. എല്ലാ കുടുംബങ്ങളും കുറച്ചുകാലം മുമ്പുവരെ ലക്ഷം വീട്ടില്‍ കഴിഞ്ഞിരുന്നവര്‍. എറണാകുളം ജില്ലയിലെ കിഴക്കമ്പലത്താണ് ഞാറള്ളൂര്‍. കിഴക്കമ്പലത്തിന് പുതിയ വികസന വഴി കാട്ടിക്കൊടുത്ത 'ട്വന്റി 20' യാണ് ഞാറള്ളൂരിലെ ലക്ഷംവീടുകള്‍ ആധുനിക സൗകര്യമുള്ള വില്ലകളായി പുനര്‍നിര്‍മിച്ചത്. അതോടെ പഞ്ചായത്ത്്് ഭരിക്കുന്ന ട്വന്റി 20, തിരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ ആദ്യ പ്രഖ്യാപനം യാഥാര്‍ഥ്യമായി. പഞ്ചായത്തില്‍ നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച ശോച്യാവസ്ഥയിലായ ലക്ഷംവീടുകള്‍ മികച്ച നിലവാരത്തില്‍ വില്ലകളായി നിര്‍മിച്ചു നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

തന്റെ കക്ഷിയായ മക്കള്‍ നീതിമയ്യം, തമിഴ്നാട്ടില്‍ ട്വന്റി 20 മാതൃകയില്‍ പ്രവര്‍ത്തനം നടത്താന്‍ ആലോചിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കമലഹാസന്‍ പറഞ്ഞു. ''ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചാലേ ഏതൊരു പ്രസ്ഥാനത്തിനും വിജയത്തിലെത്താനാകൂ. പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്നതാണ് രാഷ്ട്രീയത്തെ ജനങ്ങള്‍ മടുക്കാന്‍ കാരണം. സത്യസന്ധരായ നേതാക്കള്‍ കുറഞ്ഞുവരുന്നു. നേതാക്കളുടെ പ്രധാന ലക്ഷ്യം പണമുണ്ടാക്കുകയല്ല, ജനസേവനമായിരിക്കണം'' - അദ്ദേഹം പറഞ്ഞു. ട്വന്റി 20-യുടെയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്ബിന്റെയും പ്രവര്‍ത്തനങ്ങളെ കമലഹാസന്‍ പ്രകീര്‍ത്തിച്ചു. ട്വന്റി 20-യുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഇനിയും വരുമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റെക്‌സ് ഗാര്‍മെന്റ്സ് എം.ഡി. കൂടിയായ സാബു എം. ജേക്കബ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് സെക്രട്ടറി എം.എന്‍. ഹരികുമാര്‍, പഞ്ചായത്തംഗം പ്രസീല യല്‍ദോ, ഈസ്റ്റേണ്‍ ഗ്രൂപ്പ് എം.ഡി. നവാസ് മീരാന്‍, മക്കള്‍ നീതിമയ്യം നേതാക്കളായ സി.കെ. കുമാരവേല്‍, പരാജ നാരായണന്‍, അര്‍ജുന നാച്വറല്‍ എം.ഡി. പി.ജെ. കുഞ്ഞച്ചന്‍, ബ്ലോക്ക്-പഞ്ചായത്തംഗങ്ങള്‍, ട്വന്റി 20 ഭാരവാഹികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. കിറ്റെക്‌സ് കമ്പനിയുടെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വ നിര്‍വഹണത്തിനായി രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് ട്വന്റി 20.

അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇനി നല്ല വീട്ടിലുറങ്ങാം

ലക്ഷംവീട് കോളനിയിലുണ്ടായിരുന്ന 37 കുടുംബങ്ങള്‍ക്കാണ് ട്വന്റി 20 വില്ലകള്‍ നിര്‍മിച്ചു നല്‍കിയത്. ഒരു ചുമരിന് ഇരുവശത്തുമായി ഇടുങ്ങിയ മുറികളില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇനി നല്ല വീട്ടിലുറങ്ങാം; നല്ല അന്തരീക്ഷത്തില്‍ ജീവിക്കാം. 750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തില്‍ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ് ടേബിള്‍, മിക്സര്‍ ഗ്രൈന്റര്‍, ബെഡ്, ടി.വി., സോഫ എന്നീ അവശ്യസാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിര്‍മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലക്ഷംവീട് കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍മാണത്തിന് ആറു കോടി രൂപ ചെലവായി. ഇതില്‍ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി' പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തില്‍ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേര്‍ക്ക് ട്വന്റി 20യുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. എണ്ണൂറോളം വീടുകള്‍ പുതുക്കിപ്പണിത് നല്‍കുകയും ചെയ്തു. ആം ആദ്മി, മക്കള്‍ നീതിമയ്യം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍, ശ്രീലങ്കന്‍ ഉന്നത ഉദ്യോഗസ്ഥസംഘം എന്നിവര്‍ ട്വന്റി 20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ നേരത്തെ കിഴക്കമ്പലത്ത് എത്തിയിരുന്നു. കിറ്റെക്സ് കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ നിര്‍വഹണത്തിനായി രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് ട്വന്റി 20. 'ആളുകളുടെ ഭൗതിക ജീവിതസാഹചര്യം മെച്ചപ്പെടുത്തല്‍ മാത്രമല്ല ഞങ്ങളുടെ ഉദ്ദേശ്യം. അവര്‍ക്ക് അഭിമാനകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സ്ഥിതി ഉണ്ടാക്കുകയാണ് ലക്ഷ്യം' - ട്വന്റി 20യുടെ ചീഫ് കോ - ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Kamal Haasan hands over keys built under Twenty20