ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന കാഴ്ച്ച ദിനംപ്രതി കാണാറുണ്ട്. എന്നാൽ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ രോഹിത് മെഹ്റ. എഴുപത് ടണ്ണോളം വരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ലുധിയാനയിൽ മനോഹരമായ വെർട്ടിക്കൽ ഗാർഡൻ നിർമിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം.
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പുതിയ ഉദ്യമത്തിന് മുതിർന്നത്. എഴുപത് ടൺ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളെ ചെടിച്ചട്ടികളാക്കി മാറ്റി പൊതുസ്ഥലങ്ങളിൽ അഞ്ഞൂറ് വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം.
Punjab: Using waste plastic, an IRS officer sets up Vertical Gardens to tackle air pollution in Ludhiana.
— ANI (@ANI) December 20, 2020
"Using at least 70 tonnes of waste plastic bottles as pots, we've set-up more than 500 vertical gardens at public places," says Rohit Mehra, Addl Commissioner, Income Tax pic.twitter.com/LN6BYjb6VU
ഇത്തരത്തിൽ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. നാലുവർഷം മുമ്പ് എന്റെ മകൾക്ക് വായുമലിനീകരണം കാരണം സ്കൂളിന് അവധി നൽകിയെന്നു പറഞ്ഞു. ഇതെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് ശുദ്ധമായ വായുപോലും നൽകാൻ കഴിയാത്തതെന്ന് അത്ഭുതപ്പെട്ടത്. അതിൽ നിന്നാണ് ഈ പദ്ധതിയിലേക്കെത്തിയത്- മെഹ്റ പറയുന്നു.
സ്കൂളുകൾ, കോളേജുകൾ, ഗുരുദ്വാരകൾ, പള്ളികൾ, പോലീസ് സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വെർട്ടിക്കൽ ഗാർഡൻ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിൽ പച്ചപ്പ് നിറയ്ക്കാനുള്ള ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ മാർഗമാണിതെന്നും അദ്ദേഹം പറയുന്നു.
പഞ്ചാബ് കാർഷിക സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ വെർട്ടിക്കൽ ഗാർഡൻ ഉള്ളയിടങ്ങളിൽ 75 ശതമാനത്തോളം വായുമലിനീകരണം കുറവാണെന്ന് കണ്ടെത്തിയിരുന്നുവെന്നും മെഹ്റ പറയുന്നു. ഇത്തരമൊരു പദ്ധതി പകരുന്ന സന്ദേശത്തിലൂടെ പലർക്കും വീടുകളിലും വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കാൻ പ്രചോദനമാവുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: IRS officer creates vertical gardens in Ludhiana with waste plastic bottles