കൊച്ചി: 'കേരള മുന്‍സിപ്പല്‍ ബില്‍ഡിങ് റൂള്‍-2019' എന്ന കെട്ടിടനിര്‍മാണ നിയമത്തിനെതിരേ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് രംഗത്ത്. ന്യൂനതകളും അപാകങ്ങളും മാത്രം നിറഞ്ഞതാണ് പുതിയ നിയമം. ഒട്ടും ആസൂത്രണമില്ലാതെ ധൃതിപിടിച്ച് ഉത്തരവിറക്കുകയായിരുന്നെന്നും ഐ.എ.എ. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
നിര്‍മാണ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ നിയമം. മുഖ്യമന്ത്രി പോലും അറിയാതെ പൊതുതെളിവെടുപ്പിന് അവസരം നല്‍കാതെ ചില ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഉത്തരവ്. ഇതിനെതിരേ മുഖ്യമന്ത്രിയെ കാണും. റൂള്‍ സ്റ്റേ ചെയ്ത് സമയമെടുത്ത് പഠിച്ച്, പരിഷ്കരിച്ച് ഉത്തരവിറക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പുതിയ നിയമപ്രകാരം ഓപ്പണ്‍ സ്പേസ് ആയി 45 ശതമാനത്തോളം അധികം ഭൂമി നല്‍കേണ്ടിവരും. ഇത് നഗരങ്ങളില്‍ അനാവശ്യമായി സ്ഥലം എടുക്കാനും കൈയേറ്റത്തിനും ഇടയാക്കുമെന്ന് ഐ.എ.എ. പ്രതിനിധികള്‍ പറഞ്ഞു. ബഹുനില കെട്ടിടങ്ങളില്‍ താഴെ ഒന്നോ രണ്ടോ നിലകളില്‍ നല്‍കിയിരുന്ന പാര്‍ക്കിങ് മൂന്ന്, നാല് നിലകളില്‍ വ്യാപിക്കും. നേരത്തെ ആറ് മീറ്റര്‍ പ്രവേശനമാര്ഗമുള്ള പ്ലോട്ടുകളില്‍ 1.8 ലക്ഷം ചതുരശ്ര അടി നിര്മിക്കാമായിരുന്നെങ്കില്, നിലവിലെ നിയമപ്രകാരം ഇത്രയും ഇടം നിര്‍മിക്കാന്‍ ഏഴ് മീറ്റര്‍ പ്രവേശനമാര്‍ഗം വേണം. സംസ്ഥാനത്തെ റോഡുകളേറെയും ആറ് മീറ്റര്‍ വീതിയായത് ഇതിന് തിരിച്ചടിയാവും.
കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്നതില്‍ ദേശീയതലത്തില്‍ പാലിക്കുന്ന 'നാഷണല്‍ ബില്‍ഡിങ് കോഡ്' അവഗണിച്ചാണ് പുതിയ നിയമത്തിലെ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയത്. പുതിയ നിയമത്തില്‍ 'കാര്‍പ്പെറ്റ് ഏരിയ' എന്ന ആശയംതന്നെ ഒഴിവാക്കിയിട്ടുണ്ട്. 'ഹൈ റെയ്സ്' കെട്ടിടത്തിന്റെ മാനദണ്ഡം മാറുന്നതിനാല്‍ സാധാരണ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വില കൂടും. 'ലോ കോസ്റ്റ് അപ്പാര്‍ട്ട്മെന്റ്' എന്ന സാധാരണക്കാരന്റെ സ്വപ്നം ഇല്ലാതാവുവെന്ന് അവര്‍ പറഞ്ഞു.
ഐ.എ.എ. ചെയര്മാന് ബി.ആര്. അജിത്, ഭാരവാഹികളായ സന്തോഷ് പോള്‍, ലാലിച്ചന്‍ സഖറിയാസ്, സെബാസ്റ്റ്യന്‍ ജോസ്, രാമചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: indian institute of architects against new building norms