രാവിലെ ഉണരുമ്പോള്‍ നല്ല പക്ഷികളുടെ പാട്ടു കേട്ട് പച്ചപ്പും ഹരിതാഭയുമൊക്കെ കണ്ട് ഒരു ദിവസം തുടങ്ങിയാല്‍ എന്ത് രസമായിരിക്കും അല്ലെ. എന്നാല്‍ നഗരത്തിന് നടുവിലെ ഫ്‌ളാറ്റിലും മറ്റും ജീവിക്കുന്നവര്‍ക്ക് ഇതൊക്കെ ഒരു സ്വപ്‌നം തന്നെയാവും. വേണമെങ്കില്‍ ചെറിയ ചെടിയോ ചെറിയ മരമോ വല്ലതും ബാല്‍ക്കണിയില്‍ വളര്‍ത്തി സംതൃപ്തിയടയാം. എന്നാല്‍ ഇനി അങ്ങനെയല്ല കാര്യങ്ങളെന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള വാര്‍ത്ത. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ഒരുങ്ങുകയാണ്. അതും ഒരു കെട്ടിട സമുച്ചയത്തില്‍. 

ബെംഗളൂരുവിലെ സര്‍ജാപൂരിലാണ് പതിനാല് നിലകളിലായി ഈ വനം ഒരുങ്ങുന്നത്. 56 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഈ അപ്പാര്‍ട്ടുമെന്റിന്റെ പേരും മനാ ഫോറസ്റ്റാ എന്നാണ്. 200 മരങ്ങളാണ് കെട്ടിടത്തില്‍ വച്ചുപിടിപ്പിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വലിപ്പം അടിസ്ഥാനമാക്കി ഒരു കുടുംബത്തിന് രണ്ടു മുതല്‍ അഞ്ചുവരെ മരങ്ങള്‍ വളര്‍ത്താനാവും. ചെമ്പകവും നാരകം ഒക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. ഇറ്റലിയിലും ചൈനയിലും മലേഷ്യയിലും നിലവില്‍ ഇത്തരം കെട്ടിടങ്ങളുണ്ട്.

നഗരത്തിലെ തിരക്കില്‍ നിന്നും വായുമലിനീകരണത്തില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുമെങ്കിലും 14 നിലകളുള്ള കെട്ടിടത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നത് ഏറെ ശ്രദ്ധ വേണ്ടുന്ന കാര്യം കൂടിയാണ്. മണ്ണിന്റെ ആഴങ്ങളിലേക്ക് അധികമായി വേരുറപ്പിക്കാന്‍ പറ്റാത്തതുകൊണ്ട് മരങ്ങള്‍ ശക്തമായ കാറ്റിലോ മറ്റോ കടപുഴകിയാല്‍ അത്  കെട്ടിടത്തെ മാത്രമല്ല സമീപത്തെ റോഡുകളെയും പരിസരവാസികളയുമൊക്കെ പ്രശ്‌നത്തിലാക്കും. ഇത് കണക്കിലെടുത്ത് കെട്ടിടത്തിന്റെയും വൃക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിന്‍ഡ് ഡിസലറേറ്റര്‍ എന്ന സംവിധാനം സ്ഥാപിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിക്കുന്നുണ്ട്. മരങ്ങള്‍ക്കു പുറമേ സ്‌ക്വാഷ് കോര്‍ട്ട്, സ്വിമ്മിങ്ങ് പൂള്‍ എന്നീ സൗകര്യങ്ങളും  താമസക്കാര്‍ക്കായി ഒരുങ്ങുന്നുണ്ട്. 

ഇത്തരത്തില്‍ മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടി വെര്‍ട്ടിക്കല്‍ വനങ്ങള്‍ ഉണ്ടാക്കുക എന്ന ആശയം ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ സ്റ്റെഫാനോ ബൊവേരിയുടേതാണ്. 2014ലാണ് ബോസ്‌കോ വെര്‍ട്ടിക്കാലെ എന്ന പേരില്‍ 900 മരങ്ങളും 5000 ചെടികളും വളരുന്ന രണ്ട് ടവറുകള്‍ ഇറ്റലിയിലെ മിലനില്‍ അദ്ദേഹം നിര്‍മ്മിച്ചത്. ഇതാണ് ലോകത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ്. 26ഉം 18ഉം നിലകളുള്ളതാണ് ഈ ടവറുകള്‍. 

Content Highlights: India’s First ‘Vertical Forest’ Plans to House 56 Families and 200 Trees