മല്ലപ്പള്ളി: പ്ലാസ്റ്റിക് കടലാസുകൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാറുണ്ടോ. അതോ കത്തിച്ചുകളയുമോ. രണ്ടായാലും പരിസരമലിനീകരണമാണ് ഫലം. പറമ്പിലും തോട്ടിലും കളയുന്നവ ജീർണിക്കാതെ വർഷങ്ങളോളം അതേപടി കിടക്കും. കത്തിക്കുന്നവ വായു ചീത്തയാക്കും. ഇങ്ങനെയൊന്നും സംഭവിക്കാതെ പ്ലാസ്റ്റിക് കൈകാര്യം ചെയ്യാൻ വഴിയുണ്ട്. പറയുന്നത് വീട്ടമ്മയായ ആനിക്കാട് കല്ലുകുന്നേൽ ശങ്കരമംഗലത്ത് അമ്പിളി പ്രസന്നകുമാർ. പറയുക മാത്രമല്ല തെളിയിച്ചുകാണിക്കുന്നുമുണ്ട്. 

കട്ടിയുള്ള പ്ലാസ്റ്റിക് പുനരുപയോഗിക്കാൻ ടേബിൾ മാറ്റ് നിർമ്മിക്കാം. കവറുകൾ മുറിച്ച് ചതുരത്തിലുള്ള ഷീറ്റാക്കി മാറ്റണം. ഇവയുടെ ഇരുപുറവും ഉപയോഗമില്ലാത്ത തുണികൾ വച്ച് വശങ്ങൾ ഒന്നിച്ച് തയ്ക്കണം. അരികുകളിൽ ലേസ് പിടിപ്പിച്ചാൽ കൂടുതൽ ഭംഗിയാകും. അകത്ത് പ്ലാസ്റ്റിക്കും പുറമെ തുണിയുമുള്ള ഈ കൊച്ചുവിരികൾ ടീപ്പോയിലും ഊണുമേശയിലും പാത്രങ്ങൾ വയ്ക്കുന്നതിന് അടിയിൽ ഇടാൻ ഉപയോഗിക്കാം.

മേശയിൽ നനവ് തട്ടില്ല. കഴുകിയെടുക്കാനുമാവും. ടേബിൾ മാറ്റുകൾ വിൽപ്പനക്കില്ല. അതിനാൽ തയ്യൽമെഷീൻ പൊടിതട്ടിയെടുത്ത് സ്വന്തമായി തയ്ക്കാനാണ് അമ്പിളിയുടെ നിർദ്ദേശം. ചെവി വേദനിക്കാത്തവിധം മാസ്കുകൾ നിർമ്മിച്ചും അമ്പിളി മുൻപ് ശ്രദ്ധേയയായിരുന്നു.

Content Highlights: how to make table mat from used plastic