പ്രതീകാത്മകചിത്രം Photo: Getty Images
കേരളസർക്കാർ പാവങ്ങൾക്ക് എത്രവീട് ഇതുവരെ കൊടുത്തിട്ടുണ്ട് എന്നുചോദിച്ചാൽ ആർക്കും ഉത്തരമില്ല. എവിടെയും രേഖകളില്ല. ഹൗസിങ് ബോർഡുവഴി അനുവദിച്ച വീടുകളുടെ വിവരം നൽകാൻ മന്ത്രി ഹൗസിങ്‌ബോർഡ് ചെയർമാനോട് പറഞ്ഞിട്ട് മാസം രണ്ടുകഴിഞ്ഞു.
ഹൗസിങ് കമ്മിഷണറോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ‘ഇവിടെ അതുസംബന്ധിച്ച് ഒരു വിവരവുമില്ല’ എന്നുമറുപടി.
എത്ര അനുവദിച്ചിട്ടും വീടില്ലാത്തവരുടെ എണ്ണത്തിന് ഒരു കുറവുമില്ലാത്തതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഒരു കണക്കും എവിടെയും സൂക്ഷിച്ചിട്ടില്ല എന്നതാണ്.
ലൈഫ് പദ്ധതിവഴി അനുവദിക്കുന്ന വീടുകളുടെ വിവരങ്ങൾ ഓരോ പഞ്ചായത്തിലും നഗരസഭയിലും ശേഖരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ചെയ്യേണ്ടതുണ്ട്. ആധാർ നമ്പർ ഉൾപ്പെടെ ചേർത്തുകഴിഞ്ഞാൽ എവിടെനിന്നും പരിശോധിക്കാൻ കഴിയും. ഒരിക്കൽ വീടുകിട്ടിയവർ അതുവിറ്റ് മറ്റൊരിടത്തുപോയി വീണ്ടും വീടിന് അപേക്ഷിക്കുന്നത് എളുപ്പത്തിൽ കണ്ടുപിടിക്കാം. അത്തരം സംവിധാനങ്ങളൊന്നുമായിട്ടില്ല എന്നതാണ് വസ്തുത.
മാർഗനിർദേശമില്ല
600 ചതുരശ്ര അടിയിൽ വീടുനിർമിക്കാൻ നാലുലക്ഷംരൂപ ലൈഫ് പദ്ധതിയിൽ ലഭിക്കുന്നു.
നഗരങ്ങളിൽ പദ്ധതിനടത്തിപ്പിന്റെ നോഡൽ ഏജൻസി കുടുംബശ്രീയായതുകൊണ്ട് നിർമാണത്തിന്റെ വിവിധ ഘട്ടത്തിൽ അവർ ഇടപെടുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ സർക്കാർ നേരിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി ഫണ്ട് കൊടുക്കുകയാണ്. അവിടെ ആരും നോക്കാനില്ല.
വീടുനിർമാണത്തൊഴിലാളികളെ കുടുംബശ്രീതന്നെ പരിശീലിപ്പിച്ച് നഗരങ്ങളിൽ വീടുണ്ടാക്കുന്നു. 53 ദിവസംകൊണ്ടാണ് മിക്ക വീടും പൂർത്തിയാക്കിയത്. നിർമാണവസ്തുക്കൾ അവർതന്നെയുണ്ടാക്കുന്നത് ഗുണഭോക്താക്കൾക്ക് അനുഗ്രഹമാണ്.
ഗ്രാമങ്ങളിൽ ലൈഫിന്റെ ഫണ്ട് ഗൃഹനിർമാണത്തിൽ വേണ്ടത്ര അറിവില്ലാത്ത പാവങ്ങൾക്ക് നേരിട്ട് കൊടുക്കുന്നതുകൊണ്ട് പലപ്പോഴും പണിപൂർത്തിയാക്കാൻ കഴിയുന്നില്ല. ഇടനിലക്കാരുടെ ചൂഷണത്തിനും വിധേയരാകും. പണിതീരാത്ത വീടുകൾ ഏറുന്നതിന്റെ മുഖ്യകാരണം അതാണ്. മേൽനോട്ടത്തിന് അടിയന്തരമായി സംവിധാനമുണ്ടാകണം.
പുനർഗേഹം
ലൈഫ് പദ്ധതിയല്ലാതെ, തീരദേശത്തുനിന്ന് മാറുന്നവർക്ക് ഫിഷറീസ് വകുപ്പ് വീടുകൊടുക്കുന്നുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് സ്ഥലംവാങ്ങി വീടുവെക്കാൻ പത്തുലക്ഷം രൂപ സർക്കാർ കൊടുക്കുന്നു. കടലോടുചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.
തിരുവനന്തപുരം മുട്ടത്തറയിൽ 192 ഫ്ളാറ്റുകൾ കൈമാറിക്കഴിഞ്ഞു. 772 ഫ്ളാറ്റുകളുടെ നിർമാണം നടക്കുന്നു. ബീമാപ്പള്ളി, കാരോട്, വലിയതുറ, തുടങ്ങിയ പ്രദേശങ്ങളിൽ ഭവനസമുച്ചയങ്ങൾ വരുന്നു. പൊന്നാനിയിൽ ഹാർബറിനടുത്ത് 148 വീടുകൾ പണിയുന്നു. കൊല്ലത്ത് ക്യൂ.എസ്.എസ്. കോളനിയിൽ 114 വീടു(ഫ്ളാറ്റ്)കൾ, പുറക്കാടുഭാഗത്ത് മണ്ണുമ്പുറത്ത് ഇരുനൂറോളം വീടുകൾ. കണ്ണൂരിൽ 18 വീടുകളുടെ നിർമാണം കന്റോൺമെന്റ് തടഞ്ഞു. അവിടെ കടലിൽനിന്ന് ദൂരം 50 മീറ്ററേയുള്ളൂ. 100 മീറ്റർ വേണമെന്ന് കന്റോൺമെന്റ് പറയുന്നു. സ്റ്റോപ്പ്‌മെമ്മോ നൽകിയിരിക്കയാണ്.
18,865 കുടുംബങ്ങൾ കടലാക്രമണഭീഷണിയിലാണ്. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാണ്. പക്ഷേ, അതിന് തയ്യാറാവാതെ കടലിന്റെ തൊട്ടടുത്ത് താമസിച്ചിട്ട് കടൽക്ഷോഭത്തിൽപ്പെട്ടു എന്ന് നിലവിളിച്ചിട്ട് കാര്യമുണ്ടോ? ചെല്ലാനത്തുനിന്ന് എത്ര കിലോമീറ്റർ യാത്രചെയ്താണ് തൊഴിലാളികൾ കൊച്ചിപോർട്ടിൽ പോകുന്നത്. മറ്റുസ്ഥലത്തുള്ളവർക്ക് എന്താണത് മനസ്സിലാകാത്തത് -മന്ത്രിചോദിക്കുന്നു.
ആദിവാസികളെ ആർക്കുവേണം
വീട് എന്നത് നാല് ചുവരുകളുള്ള ഒരു കെട്ടിടം മാത്രമല്ല; വ്യക്തിയുടെ സാംസ്കാരിക, വൈകാരിക ജീവിതത്തിന്റെ കേന്ദ്രംകൂടിയാണ്. കാടിനോടുചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രാക്തന ഗോത്രവർഗങ്ങൾക്ക് താത്പര്യം പരമ്പരാഗത കുടിലുകളായിരിക്കും. എന്നാൽ, ‘ലൈഫി’ൽ അതിന് ഫണ്ടുകിട്ടില്ല.
ലൈഫ് പദ്ധതിയിൽ പണിയുന്ന കോൺക്രീറ്റ് വീടുകളിൽ താമസിക്കാൻ പല ഗോത്രവിഭാഗങ്ങളും ഇഷ്ടപ്പെടുന്നില്ല.
വയനാട്ടിലെ മുട്ടിൽ പഞ്ചായത്ത് നായ്‌ക്കൊല്ലിക്കുന്നിൽ പണിയവിഭാഗത്തിൽപ്പെട്ട 12 കുടുംബങ്ങൾ അവരെ പുനരധിവസിപ്പിച്ച ഞാമലംകുന്നിലെ സ്ഥലത്തേക്ക് മാറാൻ തയ്യാറായിട്ടില്ല. ‘സർക്കാർ അനുവദിച്ച 20 സെന്റ് സ്ഥലം ഒന്നു കാണിച്ചുതരൂ. ഞങ്ങൾ അവിടെ കുടിൽകെട്ടിയെങ്കിലും ജീവിച്ചുകൊള്ളാം’ എന്നാണവർ പറയുന്നത്. 2013-ൽ കേരളസർക്കാർ ഇറക്കിയ സോഷ്യോ ഇക്കണോമിക് സ്റ്റാറ്റസ് റിപ്പോർട്ടനുസരിച്ച് 10,374 ആദിവാസികുടുംബങ്ങൾക്ക് സ്വന്തമായി വീടില്ല. ഇതിൽ 2216 കുടുംബങ്ങൾ പാലക്കാട് ജില്ലയിലാണ്. പട്ടികവർഗവകുപ്പിന്റെ വെബ്‌സൈറ്റിൽ വീടില്ലാത്ത ആദിവാസികളില്ല എന്ന് പറയുന്നുണ്ടെങ്കിലും ധാരാളം പേർക്ക് ഇനിയും കിട്ടാനുണ്ട്.
‘‘കാലാവസ്ഥയെ അതിജീവിക്കാൻ പര്യാപ്തമായ വീടുകളാണ് ആദിവാസികൾ ഉണ്ടാക്കിയിരുന്നത്. പതി, പിരെ, കുടി, കുള്ള്, കുടുമ്പ്, ചാള തുടങ്ങിയ പേരുകളിലാണ് ആദിവാസികളുടെ വീട് അറിയപ്പെട്ടത്. മുളകൾകൊണ്ട് കെട്ടിയുയർത്തി പുല്ല്, ഇല എന്നിവകൊണ്ട് മേഞ്ഞവയായിരുന്നു വീടുകൾ. മണ്ണ് കുഴച്ചോ അടിച്ചുപരത്തിയ മുളഞ്ചീളുകൾ ഉപയോഗിച്ചോ ആയിരുന്നു ചുവരുകൾ ഉണ്ടാക്കിയത്. അവർ അവിടെ സന്തോഷത്തോടെയാണ് ജീവിച്ചത്’’ -കിർത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടർ മിനി പി.വി. പറയുന്നു.
ആദിവാസികളുടെ വീടിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് ആസൂത്രണകമ്മിഷൻഅംഗം കെ. എൻ. ഹരിലാൽ പറഞ്ഞു. വനങ്ങളോടുചേർന്ന് ജീവിക്കാനാഗ്രഹിക്കുന്ന ആദിവാസിവിഭാഗങ്ങളുണ്ട്. എന്നാൽ, വനമേഖലയോടുചേർന്നുള്ള സ്ഥലങ്ങൾ വനഭൂമിയാണെന്നുപറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തും. ഇത്തരം ഘട്ടങ്ങളിൽ കളക്ടറോ മന്ത്രിയോ ഉൾപ്പെടെ ഉയർന്നതലത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ടതുണ്ട്.
അതിഥിതൊഴിലാളികൾക്ക് താമസിക്കാൻ കഞ്ചിക്കോട്ട് ‘അപ്നാ ഘർ’ എന്ന ഫ്ളാറ്റ് സമുച്ചയം സർക്കാർ പണിഞ്ഞിട്ടുണ്ട്. നൂറുദിനകർമപരിപാടിയുടെ ഭാഗമായി അതിഥിതൊഴിലാളികൾക്കുവേണ്ടി ലോഡ്ജുകൾ വാടകയ്ക്കെടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഒപ്പം ദുരിതജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികളുടെ ലയങ്ങളിലും ആദിവാസി കോളനികളിലും അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്.
Content Highlights: housing issues in kerala series part five


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..