എന്തുകൊണ്ട് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ദുരിതമനുഭവിക്കുന്നു ?


രാജൻ ചെറുക്കാട്

രാഷ്ട്രീയവിവാദങ്ങൾ മാറ്റിവെച്ചാൽ ഒരു കാര്യം ഉറപ്പാണ്. ഭവനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ നടക്കുന്നത്.

Photo: Freepik.com

കേരളപ്പിറവിക്കുശേഷം പാവപ്പെട്ടവരുടെ വീടിനുവേണ്ടി സർക്കാർ ശതകോടികൾ ചെലവഴിച്ച സംസ്ഥാനത്ത്‌ തലചായ്ക്കാൻ ഒരു വീടിനുവേണ്ടി അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങൾ കാത്തിരിക്കുകയാണ്. മാറിമാറിഭരിച്ച ഇടതുവലതുസർക്കാരുകൾ പാവങ്ങളുടെ വീടിന്റെ കാര്യത്തിൽ അലംഭാവം കാണിച്ചിട്ടുമില്ല. എന്നിട്ടും എന്തുകൊണ്ട് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ദുരിതമനുഭവിക്കേണ്ടിവരുന്നു. കേരളത്തിലെ പാർപ്പിടപ്രശ്നങ്ങളെപ്പറ്റി സമഗ്രമായ ഒരന്വേഷണം

‘‘പാവപ്പെട്ടവർക്ക് വീടുകിട്ടുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്? എന്നാൽ, ജനങ്ങൾക്ക് ഒരു ഗുണവും കിട്ടരുത് എന്ന സാഡിസ്റ്റ് മനോഭാവമാണ് പ്രതിപക്ഷത്തിന്’’ -2020 മാർച്ച് മൂന്നിന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പിണറായി സർക്കാർ 2016-ൽ തുടക്കമിട്ട ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 2,14,262 വീടുകൾ കൈമാറുന്നതിന്റെ പ്രഖ്യാപനം 2020 ഫെബ്രുവരി 29-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി നിർവഹിച്ചു. വീടുലഭിച്ച 36,000 കുടുംബങ്ങളുടെ സംഗമവും അവിടെ നടന്നു. പ്രതിപക്ഷം ചടങ്ങിൽനിന്ന് വിട്ടുനിന്നു.

സർക്കാർ രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിമർശിക്കുന്നു. മുൻസർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതും പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം കേന്ദ്രസർക്കാർ ഫണ്ടുകൊണ്ട് നിർമിച്ചതുമെല്ലാം ഈ സർക്കാരിന്റെ അക്കൗണ്ടിൽ പെടുത്തിയാണ് മുഖ്യമന്ത്രിയുടെ അവകാശവാദം എന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. മാത്രമല്ല യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 4,37,282 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങൾക്ക് വീടുപണിഞ്ഞ് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ കേന്ദ്രവിഹിതം എത്ര ലഭിച്ചു എന്നുകൂടി പറയണമെന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്റെവാദം.

രാഷ്ട്രീയവിവാദങ്ങൾ മാറ്റിവെച്ചാൽ ഒരു കാര്യം ഉറപ്പാണ്. ഭവനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ നടക്കുന്നത്.

‘‘2011-12 മുതൽ 2015-16 വരെ ഇന്ദിരാ ആവാസ് പദ്ധതിയിൽ സംസ്ഥാനത്ത് 2,94,670 വീടുകൾ അനുവദിക്കുകയും 2,75,038 എണ്ണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2015-16 വർഷത്തിൽമാത്രം 42,020 വീടുകൾ പൂർത്തീകരിച്ചു’’ -2017 മേയ് 16-ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ വിവരിച്ചു. 2016 ഫെബ്രുവരി 22-ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു: ‘‘പെട്രോൾ, ഡീസൽ സെസ്സിൽനിന്ന് ലഭിക്കുന്ന 50 ശതമാനം വീതം ഉപയോഗിച്ച് ലക്ഷം വീട് പദ്ധതിയിലെ വീടുകൾ പുനരുദ്ധരിക്കും. ജനസമ്പർക്ക പരിപാടിയിൽ വീട് നൽകാൻ തീരുമാനിച്ചിട്ടുള്ള അപേക്ഷകരുടെ വീട് നിർമാണത്തിന് ഭൂരഹിതപദ്ധതിയിൽ സ്ഥലം ലഭ്യമായവർക്കും വീട് നൽകാൻ പ്രത്യേകമായൊരു പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നേടിയെടുക്കാൻ സർക്കാർ മുൻഗണന നൽകുന്നതാണ്. ഭവനനിർമാണമേഖലയ്ക്ക് ഈ വർഷം 70.92 കോടിരൂപ വകയിരുത്തുന്നു. സംസ്ഥാന ഭവനനിർമാണബോർഡ്‌ നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 36.15 കോടിരൂപ നീക്കിവെക്കുന്നു.''

2012 മാർച്ച്‌ 19-ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം. മാണി പ്രസ്താവിച്ചു.

‘‘ഹൗസിങ് ബോർഡ് ഹഡ്‌കോയ്ക്ക് 750 കോടി കുടിശ്ശിക അടച്ചുതീർക്കാത്തതിനാൽ ഭവനപദ്ധതികൾക്കുള്ള വായ്പ ഹഡ്‌കോ നിർത്തി. ഈ ഗവൺമെന്റ്‌ ഹഡ്‌കോയുമായി ചർച്ചനടത്തി ഘട്ടംഘട്ടമായി വായ്പ പുനഃക്രമീകരണ പാക്കേജിന് രൂപംകൊടുക്കാൻ കഴിഞ്ഞു. കുടിശ്ശികയുടെ ആദ്യഗഡുവായ 250 കോടി രൂപ നൽകി. കെട്ടിടനിർമാണ മേഖലയിൽ നൂതന പരീക്ഷണങ്ങൾ ത്വരപ്പെടുത്തുന്നതിനുവേണ്ടി ടെക്‌നോളജി ഇന്നവേഷൻ ഫണ്ട് രൂപവത്‌കരിക്കുന്നതിനായി ഒരു കോടി നീക്കിവെക്കുന്നു’’.

1972-ൽ എം.എൻ. ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ തുടങ്ങിയ ലക്ഷംവീട് പദ്ധതിമുതൽ കേരളത്തിൽ എല്ലാ സർക്കാരുകളും പാവപ്പെട്ടവരുടെ വീടു നിർമാണകാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. എൽ.ഡി.എഫിനു മാത്രമല്ല യു.ഡി.എഫിനും വീടിന്റെ കാര്യത്തിൽ ഇടതുസമീപനമാണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഡോ. ജി. ഗോപിക്കുട്ടൻ പറയുന്നു. ഡോ. ഗോപിക്കുട്ടന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതി പുതിയ ഭവനനയത്തിന്റെ കരട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

സർക്കാരും പ്രതിപക്ഷവും തമ്മിൽ അനുവദിച്ച വീടുകളുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉയർന്നപ്പോൾ വസ്തുതാന്വേഷണത്തിന് കെ.സി. ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. ഒരു കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 136 കോടി ജനതയ്ക്ക് തലചായ്ക്കാൻ 24,49,21,406 വീടുകളാണ് ഉള്ളതെന്ന് 2011-ലെ സാമൂഹിക, സാമ്പത്തിക, ജാതി സർവേ പറയുന്നു. ഇതിൽ 17.97 കോടി ഗ്രാമങ്ങളിലും 7.07 കോടി നഗരങ്ങളിലുമാണ്.

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 1,12,17,853 വീടുകളുണ്ട്. ഇതിൽ 11,89,144 വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വീടുകൾ, കടകൾ, സ്കൂളുകൾ, മറ്റുകെട്ടിടങ്ങൾ എന്നിവയെല്ലാം സെൻസസിൽ ഒരു വിഭാഗമായാണ് ഉൾപ്പെടുത്തിയത്. 76,58,685 വീടുകളാണ് താമസത്തിനുമാത്രം ഉപയോഗിക്കുന്നത്. അതിൽ 40,66,488 എണ്ണം ഗ്രാമങ്ങളിലും 35,92,197 എണ്ണം നഗരങ്ങളിലുമാണ്. ഇതിൽ 4,05,089 വീടുകൾ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.

1972-ൽ 1250 രൂപയ്ക്ക് 250 ചതുരശ്ര അടിയിൽ പണിതുകൊടുത്ത ലക്ഷംവീടുകൾ മുതൽ 2020-ൽ നാലുലക്ഷം രൂപയ്ക്ക് 600 ചതുരശ്ര അടിയിൽ നിർമിക്കുന്ന ലൈഫ് ഭവനങ്ങൾവരെ അരനൂറ്റാണ്ടിലേക്ക് എത്തുകയാണ് കേരളസർക്കാരിന്റെ ഭവനപദ്ധതികൾ.

ഹൗസിങ് കമ്മിഷണർ നൽകുന്ന വിവരമനുസരിച്ച് 20-ല്പരം ഏജൻസികൾ കേരളത്തിൽ സർക്കാർതലത്തിൽ ഭവനനിർമാണത്തിലുണ്ട്.തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, ഹൗസിങ് ബോർഡ്, നിർമിതികേന്ദ്ര, കോസ്റ്റ്‌ഫോർഡ് തുടങ്ങിയവയാണവ. ഇതിനുപുറമേ വിവിധ സന്നദ്ധസംഘടനകളും ഈ മേഖലയിലുണ്ട്.

‘‘സർക്കാർ ഭവനപദ്ധതികൾ എല്ലാം ‘ലൈഫി’ന്റെ പരിധിയിലേക്ക് മാറ്റിക്കഴിഞ്ഞു. ലൈഫാണെങ്കിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ പരിധിയിലാണ്’’. -ഹൗസിങ്ങിന്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. എ.സി. മൊയ്തീനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ മന്ത്രി.

2015-നും 19-നും ഇടയിൽ സർക്കാർ ഏജൻസികൾ 2,57,572 വീടുകൾ നിർമിച്ചിട്ടുണ്ട്. ഗൃഹശ്രീ, സാഫല്യം ഉൾപ്പെടെ പ്രോജക്ടുകളിലായി ഹൗസിങ് ബോർഡ് ഇക്കാലയളവിൽ 2971 വീടുകൾ നിർമിച്ചു. തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ വഴി 26,027 വീടുകൾ, ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തിൽ മുൻസർക്കാർ തുടങ്ങിവെച്ച 51,781 വീടുകൾ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ 43,947 വീടുകൾ പുതുതായി ഉണ്ടാക്കി. മൂന്നാംഘട്ടത്തിൽ അടിമാലിയിൽ 217 ഫ്ളാറ്റുകൾ നിർമിച്ചു. ശരാശരി 40 വീടുകൾ ഉൾക്കൊള്ളുന്ന 101 ഫ്ളാറ്റ് സമുച്ചയങ്ങൾ വിവിധ ജില്ലകളിലായി സർക്കാർ നിർമിക്കുന്നു.

ഗ്രാമവികസനമന്ത്രാലയം ഇന്ദിര ആവാസ് യോജന (49,986), പ്രധാനമന്ത്രി ആവാസ് യോജന (30,291) തുടങ്ങിയ പദ്ധതികളിലായി 80,277 വീടുകൾ പൂർത്തിയാക്കി. നഗരകാര്യമന്ത്രാലയം വിവിധ പദ്ധതികളിലായി 3454 വീടുകൾ പൂർത്തിയാക്കി. പഞ്ചായത്ത് ഡയറക്ടറേറ്റ് 5949 വീടുകൾ, പട്ടികവർഗവകുപ്പ് 6709 വീടുകൾ, തൊഴിൽ മന്ത്രാലയം 355, ഫിഷറീസ് മന്ത്രാലയം 2257, ന്യൂനപക്ഷക്ഷേമവകുപ്പ് 800 എന്നിങ്ങനെയാണ് വീട് അനുവദിച്ചത്. പട്ടികജാതിവകുപ്പ് 2007 മുതൽ 19 വരെ 98,332 വീടുകൾ അനുവദിച്ചു. അതിനുവേണ്ടി 1539.49 കോടിരൂപ ചെലവഴിച്ചു.

1996-ലാണ് മൈത്രി ഭവനപദ്ധതി തുടങ്ങിയത്. വർഷം ഒരുലക്ഷം വീടുകൾ നിർമിക്കുക എന്നതാണ് ലക്ഷ്യമാക്കിയത്. ഗ്രാമസഭകൾ വഴിയാണ് ഗുണഭോക്താവിനെ തിരഞ്ഞെടുത്തത്. 2004 വരെ 2,82,238 വീടുകൾ ഈ സ്‌കീം വഴി നിർമിച്ചിട്ടുണ്ട്. 1996-ൽ തുടങ്ങിയ ജനകീയാസൂത്രണത്തിന്റെ ഭാഗമായി സമഗ്രഭവനപദ്ധതി നിലവിൽവന്നു. ജനകീയ പങ്കാളിത്തത്തോടെ വീടുകൾ പണിയുക എന്നതായിരുന്നു ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകളെയാണ് തിരഞ്ഞെടുത്തത്. 98,494 വീടുകൾ ഇതുവഴി നിർമിച്ചു.സംസ്ഥാന സഹകരണ വകുപ്പ് തുടങ്ങിയ ഹോം കെയർ പദ്ധതിയിൽ 2018-ലെ പ്രളയത്തിൽ വീടുതകർന്നവർക്ക് 2000 വീടുകൾ പണിതുനൽകി.

അമൃതാനന്ദമയി മഠം, എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യൂണിയനുകൾ തുടങ്ങിയവ നൂറുകണക്കിന് വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്. സന്നദ്ധപ്രസ്ഥാനമായ സേവാഭാരതി ആയിരത്തില്പരം വീടുകൾ നിർമിച്ചതായി സ്റ്റേറ്റ് ഓർഗനൈസർ യു.എൻ. ഹരിദാസ് പറഞ്ഞു. തലചായ്ക്കാനൊരിടം എന്നപേരിലാണ് 500 വീടുകൾ നിർമിച്ചത്.

ഹൈബി ഈഡൻ എം.പി. തണൽഭവന പദ്ധതിയിൽ 56 വീടുകൾ നിർമിച്ചു. 46 എണ്ണം കൈമാറി. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ് ലാലിന്റെ കുടുംബത്തിന് നിർമിച്ചുനൽകിയ 1200 ചതുരശ്രഅടി വിസ്തീർണമുള്ള വീടും അതിൽപ്പെടും. മുസ്‌ലിം ലീഗിന്റെ ‘ബൈത്തുറഹ്മ’ പദ്ധതിയിൽ ധാരാളം വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്. മുത്തൂറ്റ് ഗ്രൂപ്പ്, ആംസ്റ്റർ ഡി.എം. ഫൗണ്ടേഷൻ, ലിസി ചക്കാലക്കൽ ആലപ്പുഴ പാരിപ്പള്ളിയിലെ സ്നേഹജാലകം തുടങ്ങി ചെറുതും വലുതുമായ അനേകം പ്രസ്ഥാനങ്ങൾ പാർപ്പിടരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.

(തുടരും)

Content Highlights: Housing Issues in kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented