കൊല്ലം: കേന്ദ്ര ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ.ജി.) പുതിയ പട്ടികപ്രകാരം കേരളത്തില്‍ ഇനിയും വീടില്ലാത്ത മൂന്നുലക്ഷത്തോളം പേര്‍. ആവാസ് പ്ലസ് സോഫ്റ്റ്‌വേറില്‍ വാസയോഗ്യമല്ലാത്ത വീടിന്റെ ചിത്രമടക്കം അപേക്ഷ അപ്‌ലോഡ് ചെയ്തവരില്‍ കേരളത്തില്‍നിന്നുള്ള മൂന്നുലക്ഷത്തോളം പേരുണ്ട്. ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷത്തിലേറെ വീടുകള്‍ നല്‍കിയ സംസ്ഥാനത്ത് ഇത്രയും ഭവനരഹിതരുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്നാണ് വിലയിരുത്തല്‍.
വി.ഇ.ഒ.മാര്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് സമീപമെത്തി ഫോട്ടോയെടുത്താണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അപേക്ഷ അപ്‌ലോഡ് ചെയ്തത്. ഇക്കൂട്ടത്തില്‍ മറ്റ് ഭവനപദ്ധതികളിലൂടെ വീടുകള്‍ കിട്ടിയവരും ചെറിയ അറ്റകുറ്റപ്പണി മാത്രം ആവശ്യമായ വീടുകളുള്ളവരുമുണ്ട്. മത്സരസ്വഭാവത്തോടെ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളെ കണ്ടെത്തിയതിനാലാണ് ഇത്രയേറെ അപേക്ഷകരുണ്ടായത്. ചില ബ്ലോക്കുകളില്‍ 3000 അപേക്ഷകര്‍ വരെയുണ്ട്. ആവാസ് പ്ലസ് പട്ടികയില്‍ വ്യാജ അപേക്ഷകരുണ്ടോയെന്ന് കണ്ടെത്താന്‍ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ നമ്പര്‍ അപേക്ഷയോട് ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് അപ്രായോഗികമായതിനാല്‍ അപേക്ഷകരുടെ ആധാര്‍ ബന്ധിപ്പിക്കാനാണ് ഗ്രാമവികസന കമ്മിഷണറേറ്റിന്റെ തീരുമാനം.
2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പട്ടികയില്‍നിന്നാണ് പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. 2011ന് ശേഷമുള്ള അപേക്ഷകരെ ഉള്‍പ്പെടുത്താനാണ് ആവാസ് പ്ലസ് സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയത്. സംസ്ഥാനത്ത് പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള ഗുണഭോക്താക്കള്‍ ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് പാഴാകുന്ന സ്ഥിതിയുമുണ്ടായിരുന്നു. പഴയ പട്ടികയിലെ എല്ലാവര്‍ക്കും വീട് നല്‍കിയശേഷമേ പുതിയ പട്ടിക പരിഗണിക്കാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനാല്‍, പരമാവധി പേര്‍ക്ക് വീട് നല്‍കാനുള്ള പാച്ചിലിലാണ് ഗ്രാമവികസനവകുപ്പ്.
വിശദമായി പരിശോധിക്കും
ലൈഫ് പദ്ധതി വരുന്നതിനുമുന്‍പ് അപേക്ഷിച്ച ചെറിയ ഒരുവിഭാഗം ആവാസ് പ്ലസ് പട്ടികയിലുണ്ടാവാം. വാസയോഗ്യമല്ലാത്തതും പൊളിഞ്ഞുവീഴാറായതുമായ വീടുള്ള അപേക്ഷകരും കാണും. പദ്ധതി നടപ്പാക്കുന്നതിനുമുന്‍പ്, പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും.
വി.എസ്.സന്തോഷ് കുമാര്‍,
അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍, ഗ്രാമവികസന കമ്മിഷണറേറ്റ്.
Content Highlights: house scheme in pradhan mantri awas yojana