കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ യേശുദാസും കുടുംബവും താമസിച്ചിരുന്ന വീടിന് മുന്നില്‍ ഒരു മാവുണ്ടായിരുന്നു... അദ്ദേഹത്തിന്റെ അമ്മ നട്ടുവളര്‍ത്തിയ മാവാണത്. പില്‍ക്കാലത്ത് ആ വീട് വിറ്റു. താജുദ്ദീന്‍ എന്നയാളാണ് ആദ്യം വീട് വാങ്ങിയത്.
പിന്നീട് കൊച്ചി സ്വദേശിയായ നാസര്‍ ചെറിയില്‍ ആ വീട് വാങ്ങി. 20 വര്‍ഷം മുമ്പാണത്. നാസര്‍ ആ വീട് പുതുക്കിനിര്‍മിച്ചു. പക്ഷേ, മുറ്റത്തുണ്ടായിരുന്ന മാവ് അദ്ദേഹം മുറിച്ചില്ല. മാവ് അകത്ത് നിര്‍ത്തിക്കൊണ്ട് അതിന്റെ ചുറ്റുമായി കെട്ടിടം പൂര്‍ത്തിയാക്കി. വീടിന്റെ മുകളിലേക്ക് കയറുമ്പോള്‍ മാവിന്റെ ഓരോ ഭാഗവും കാണാം. ഇത് കൊച്ചിയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ്.
വീടിന് അദ്ദേഹം 'ഹൗസ് ഓഫ് യേശുദാസ്'' എന്ന് പേരിട്ടു. യേശുദാസിന്റെ മുറി അതുപോലെതന്നെ നിലനിര്‍ത്തി. യേശുദാസ് കൊച്ചിയിലെത്തുമ്പോഴെല്ലാം നാസര്‍ അദ്ദേഹത്തെ ക്ഷണിക്കും.
എല്ലാ വര്‍ഷവും യേശുദാസ് ഈ വീട്ടിലെത്തും, മാവിന് വെള്ളമൊഴിക്കും. നേരത്തെ ശേഖരിച്ചുവച്ച മാമ്പഴങ്ങള്‍ നാസര്‍ ദാസിന് സമ്മാനിക്കും. 'ഇവിടെ എത്തുമ്പോള്‍ അമ്മയുടെ അടുത്ത് എത്തുന്നതുപോലെയാണ്' എന്ന് യേശുദാസ് പറയാറുണ്ട്.
Content Highlights: house of yesudas fortkochi