മൂന്നാറിലെ വട്ടവടയില്‍ അടച്ചുറപ്പുള്ള ആ വീടൊരുങ്ങുകയാണ്; പഠിച്ചു നല്ല ജോലി വാങ്ങിയിട്ടു വെക്കണമെന്ന് അഭിമന്യു ആഗ്രഹിച്ച വീട്. അവസാനവട്ട മിനുക്കുപണികള്‍കൂടി പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രിയെത്തി കേരളത്തിന്റെ സ്വന്തം അഭിമന്യുവിന്റെ കുടുംബത്തിനു താക്കോല്‍ കൈമാറും.

മഹാരാജാസ് കോളേജിലെ ബിരുദവിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ ജൂലായ് രണ്ടിനു പുലര്‍ച്ചെയാണ്, എസ്.ഡി.പി.ഐ.-പോപ്പുലര്‍ ഫ്രണ്ട്-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊല്ലുന്നത്. 'നാന്‍പെറ്റ മകനേ' എന്നുപറഞ്ഞ് ദീനമായി നിലവിളിക്കുന്ന അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ചിത്രം മലയാളികളുടെ മനസ്സാക്ഷിയെ വല്ലാതെ മുറിപ്പെടുത്തി. അഭിമന്യുവിന്റെ വട്ടവടയിലെ വീടിന്റെ ദൈന്യം പിന്നീടാണു പുറത്തറിയുന്നത്. എത്രത്തോളം ത്യാഗം സഹിച്ചാണ് ആ ചെറുപ്പക്കാരന്‍ വട്ടവടയില്‍നിന്ന് മഹാരാജാസ് വരെയെത്തിയതെന്ന് അന്നാണ് എല്ലാവരും അറിഞ്ഞത്. അവിടംമുതല്‍ അഭിമന്യു കേരളത്തിന്റെ സ്വന്തം മകനാകുകയായിരുന്നു.

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത സി.പി.എമ്മാണ് അവര്‍ക്കു വീടും വെച്ചുനല്‍കുന്നത്. കൊട്ടാക്കമ്പൂരിനു സമീപം പാര്‍ട്ടി വിലകൊടുത്തു സ്ഥലം വാങ്ങി. സെപ്റ്റംബര്‍ അഞ്ചിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടിനു തറക്കല്ലിട്ടു. 1256 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് മൂന്നുമാസംകൊണ്ടാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. മൂന്നു കിടപ്പുമുറിയോടുകൂടിയ വീട്ടില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. ഡിസംബര്‍ ഇരുപതിനകം പെയിന്റിങ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ഡിസംബര്‍ അവസാനമാണ് താക്കോല്‍ദാനമെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു.

Content Highlights: house for Abhimanyu’s family