1990-കളിലെ ക്ലാസിക് സിനിമയായ 'ഹോം എലോണ്‍' കണ്ടവരാരും മക്കോളി കല്‍കിന്‍ തകര്‍ത്തഭിനയിച്ച കെവിന്‍ മക്കാലിസ്റ്റര്‍ എന്ന കഥാപാത്രത്തെയും അതിലെ വീടും മറക്കാന്‍ ഇടയില്ല. ഇപ്പോഴിതാ ജനപ്രീതി പിടിച്ചുപറ്റിയ ആ വീട്ടില്‍ ഒരു രാത്രി തങ്ങാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ഹോംസ്‌റ്റേ സ്ഥാപനമായ എയര്‍ ബി.എന്‍.ബി. ഡിസംബര്‍ ഏഴുമുതല്‍ വീട് ബുക്ക് ചെയ്യാം. ഡിസംബര്‍ 12 മുതല്‍ വീട് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. യു.എസിലെ ഷിക്കാഗോയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ ഒരൊറ്റ രാത്രി തങ്ങാന്‍ മാത്രമെ അവസരമുള്ളൂ. 

'ഹോം എലോണി'ല്‍ കെവിന്റെ മൂത്ത സഹോദരനായി അഭിനയിച്ച ഡെവിന്‍ റാട്രേ വീട്ടില്‍ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമരുളുമെന്ന് എയര്‍ ബി.എന്‍.ബി. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വ്യക്തമാക്കി. വീടിന്റെ ഉള്ളില്‍ നിന്നുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തി വളരെ വിശദമായ പോസ്റ്റ് ആണ് അവര്‍ പങ്കുവെച്ചിട്ടുള്ളത്. 

വീട് ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കുന്നതിനുള്ള ആദരസൂചകമായി ഷിക്കാഗോയിലെ ലാ റാബിഡ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് ധനസഹായം ചെയ്യുമെന്ന് എയര്‍ ബി.എന്‍.ബി. അറിയിച്ചു. 

31 വര്‍ഷം മുമ്പ് 'ഹോം എലോണി'ല്‍ വീട് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നതായി പീപ്പിളിനു നല്‍കിയ അഭിമുഖത്തില്‍ റാട്രി പറഞ്ഞു. 

ഹോം എലോണിന്റെ മൂന്നാം പതിപ്പായ ഹോം സ്വീറ്റ് ഹോം എലോണ്‍ കാണുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഈ സിനിമയില്‍ പോലീസുകാരന്റെ വേഷത്തില്‍ റാട്രി മടങ്ങിവരുന്നു എന്ന പ്രത്യേകതയും ഉണ്ട്. . 

ഒരു രാത്രി തങ്ങുന്നതിന് 25 ഡോളറാണ് ചെലവ്. നാലുപേര്‍ക്കായിരിക്കും പരമാവധി താമസിക്കാന്‍ കഴിയുക എന്ന് ബി.ബി.സി. റിപ്പോര്‍ട്ട്‌ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Airbnb (@airbnb)

എയര്‍ ബി.എന്‍.ബി.യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുതാഴെ ഒട്ടേറെപ്പേര്‍ കമന്റുമായി എത്തി. തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നതായി ഒരാള്‍ പറഞ്ഞു. തണുപ്പുകാലമായതിനാല്‍ ചൂട് കായാന്‍ അവസരമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും എല്ലാ സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും എയര്‍ ബി.എന്‍.ബി. അറിയിച്ചു.

Content highlights: home alone is for rent only for one night