പാര്‍പ്പിടനിര്‍മാണമേഖലയില്‍ നികുതിയിളവ് അനുവദിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള ജി.എസ്.ടി. നിരക്ക് എട്ടുശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മാണത്തിലുള്ള വീടുകള്‍ക്കും ഫ്‌ലാറ്റുകള്‍ക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വേകുന്നതാണ് ഈ തീരുമാനം. പുതിയ നികുതിനിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും.

ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാര്‍ക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളില്‍ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളില്‍ 90 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്. നിര്‍മാണമേഖലയ്ക്ക് പ്രോത്സാഹനമാവുന്ന തീരുമാനമാണ് ജി.എസ്.ടി. കൗണ്‍സില്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് യോഗശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ക്ക് നല്‍കിയ നികുതി കുറച്ചിട്ട് ബാക്കി നല്‍കിയാല്‍ മതിയെന്ന ഐ.ടി.സി. (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്) വ്യവസ്ഥ ഇനി ഉണ്ടാവില്ല. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകാതിരിക്കാന്‍ നികുതിചോര്‍ച്ച തടയേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിമന്റ്, സ്റ്റീല്‍ എന്നിവ വാങ്ങുമ്പോള്‍ കൊടുക്കുന്ന നികുതി സംസ്ഥാനസര്‍ക്കാരിന് കിട്ടണം. യഥാര്‍ഥ ജി.എസ്.ടി. സംവിധാനത്തില്‍ നികുതിയിളവ് കിട്ടുന്നതിന് ബില്‍ നിര്‍ബന്ധമായിരുന്നു. ഐ.ടി.സി. ഇല്ലാത്തതിനാല്‍ ബില്‍ ഒഴിവാക്കാനുള്ള പ്രവണത വര്‍ധിക്കും. അത് മറികടക്കാന്‍ 80 ശതമാനം നിര്‍മാണവസ്തുക്കളും രജിസ്‌ട്രേഡ് വ്യാപാരികളില്‍നിന്ന് വാങ്ങണമെന്നും 20 ശതമാനം റിവേഴ്‌സ് ടാക്‌സ് അടിസ്ഥാനത്തില്‍ പിരിച്ചിരിക്കണമെന്നും യോഗം തീരുമാനിച്ചു.

ഉപസമിതി മൂന്നുശതമാനം നികുതിയാണ് സാധാരണക്കാര്‍ക്ക് നിര്‍ദേശിച്ചത്. എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം എതിര്‍ത്തു. തുടര്‍ന്നാണ് ഒരു ശതമാനമാക്കി കുറച്ചത്. ഒരു ശതമാനത്തിലും താഴെയുള്ള നിരക്ക് എന്നതായിരുന്നു സംസ്ഥാനം നിര്‍ദേശിച്ചത്. ഒന്നരക്കോടിക്ക് മുകളിലുള്ള വീടുകള്‍ക്ക് ഏഴുശതമാനം എന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങളുടെ ഫലപ്രദമായ ഇടപെടലാണ് നികുതി കുറയ്ക്കാന്‍ കാരണമായതെന്ന് ഐസക് പറഞ്ഞു.

ഐ.ടി.സി. ഒഴിവാക്കുന്നതോടെ നിര്‍മാണവസ്തുക്കള്‍ ബില്‍ കൊടുത്ത് വാങ്ങുമോ എന്നതനുസരിച്ചാണ് വരുമാനനഷ്ടം സംഭവിക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു. 45 ലക്ഷംവരെയുള്ള വീടുകള്‍ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍വചനത്തില്‍ വരുന്നത് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Content Highlights: GST On Real Estate Reduced