കോഴിക്കോട്: മൂന്നുവര്‍ഷമായി ബജറ്റില്‍ അനുവദിച്ച തുകയില്‍ ഒരുരൂപപോലും സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിക്ക് നല്‍കിയില്ല. ലൈഫ് പദ്ധതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതിയെ അവഗണിക്കുന്നതെന്നാണ് ആരോപണം.
സ്വന്തമായി രണ്ടു സെന്റെങ്കിലും ഭൂമിയുള്ള പാവപ്പെട്ടവര്‍ക്ക് സന്നദ്ധസംഘടനകളുടെയോ സര്‍ക്കാരിതര സംഘടനകളുടെയോ സ്പോണ്‍സര്‍മാരുടെയോ സഹായത്തോടെ വീടൊരുക്കാനുള്ള പദ്ധതിയാണ് ഗൃഹശ്രീ. ഇതിനു സര്‍ക്കാര്‍ സബ്സിഡിയുമുണ്ടായിരുന്നു. ഇതില്‍ വീടുകള്‍ ലഭ്യമാവുന്നവര്ക്ക് തിരിച്ചടവോ കടബാധ്യതയോ ഇല്ലെന്നതാണ് പ്രത്യേകത. നാലുലക്ഷം രൂപ മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവുവരുന്ന വീടുകളുടെ നിര്‍മാണ സ്വാതന്ത്ര്യം ഗുണഭോക്താവിന് തന്നെയായിരുന്നു.
മൂന്നുവര്‍ഷമായി ബജറ്റില്‍ പണം വകയിരുത്തുന്നുണ്ടെങ്കിലും ബോര്‍ഡിന് കൈമാറാത്തതിനാല്‍ പദ്ധതിയില്‍ വീടുകള്‍ നിര്‍മിച്ചിട്ടില്ല. 32 കോടി രൂപയാണ് നടപ്പു സാമ്പത്തികവര്‍ഷം വകയിരുത്തിയത്. ട്രഷറി നിയന്ത്രണത്തിന്റെ കാലമായതിനാല്‍ എന്തെങ്കിലും ലഭിക്കാനും ഇനി സാധ്യതയില്ല. പദ്ധതി നിര്‍ത്തലാക്കിയിട്ടുമില്ല.
നാലുലക്ഷം രൂപയുടെ, കുറഞ്ഞത് 40 ചതുരശ്രമീറ്റര്‍ വരെയുള്ള വീടിന് രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്സിഡി. സ്പോണ്സര് കുറഞ്ഞത് ഒരുലക്ഷം രൂപയും ഗുണഭോക്താവ് സ്വന്തം വിഹിതമായി ഒരുലക്ഷം രൂപയും നല്‍കണം. ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍. വിഭാഗക്കാര്‍ക്കുകൂടി പദ്ധതി പ്രയോജനകരമാണ്. അവര്‍ക്ക് അഞ്ചുലക്ഷം രൂപ വീട് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നു. താഴ്ന്ന വരുമാനക്കാര്‍ക്ക് 60 ചതുരശ്രമീറ്റര്‍ വരെയുള്ള വീട് നിര്‍മിക്കാന്‍ ആറുലക്ഷം രൂപ വരെ ചെലവ് നിജപ്പെടുത്തിയിരുന്നു. നിര്‍മാണ പുരോഗതിയനുസരിച്ച് നാലു ഘട്ടമായി പണം നല്കിയിരുന്നതിനാല് പദ്ധതിയിലെ വീടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
പദ്ധതിക്കായി ബജറ്റില്‍ അനുവദിക്കുന്ന സഹായധനമനുസരിച്ചു മാത്രമാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുന്നത്. പദ്ധതി നല്ലനിലയില്‍ നടന്ന 201314 വര്‍ഷം 525 പേര്‍ക്കായി 10.5 കോടി രൂപ നല്കി. 336 സംഘടനകളും 304 വ്യക്തികളും ചേര്‍ന്ന് 1027 വീടുകള്‍ സ്പോണ്സര് ചെയ്തിരുന്നു.
ഗൃഹശ്രീ
• 2013ല്‍ തുടങ്ങിയ പദ്ധതി
• സര്‍ക്കാര്‍ ആകെ വിനിയോഗിച്ച തുക 6446 ലക്ഷം
• ആകെ വീടുകളുടെ എണ്ണം 3223
• കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ 3501
• പദ്ധതി മുടങ്ങിയത് 2016 മുതല്‍
• ലൈഫ് മിഷനുമായി സമാനത വരുന്നതിനാല്‍ പദ്ധതിയില്‍ താത്പര്യം കാണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാട്
• ലൈഫ് മിഷനെക്കാള്‍ പ്രയോജനകരമെന്ന് ഭവനനിര്‍മാണ ബോര്‍ഡ് (കെ.എസ്.എച്ച്.ബി.)
Content Highlights: grihasree housing scheme
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..