തിരുവനന്തപുരം: കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ച കെട്ടിടനിര്‍മാണച്ചട്ടങ്ങളിലെ അപാകം പുനഃപരിശോധിക്കുമെന്ന് തദ്ദേശവകുപ്പ്. തറവിസ്തീര്‍ണം നിര്‍ണയിക്കല്‍, കെട്ടിടത്തിന്റെ മുന്നില്‍ മൂന്നുമീറ്റര്‍ വിടണമെന്ന നിര്‍ദേശം, ഉയരം കൂടുന്തോറും മുന്നിലെ തുറസ്സായ സ്ഥലം കൂടണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് പുനഃപരിശോധിക്കുന്നത്. നിയമവകുപ്പിന്റെകൂടി പരിശോധനയ്ക്കുശേഷം മന്ത്രിസഭയുടെ അനുമതിയോടെയാകും ഭേദഗതി കൊണ്ടുവരിക.

ചട്ടങ്ങളിലെ അപ്രായോഗികതയെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നവംബര്‍ ഏഴുവരെ സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് പുതുക്കിയ ചട്ടങ്ങള്‍ ബാധകമാക്കേണ്ടതില്ലെന്ന് തദ്ദേശവകുപ്പ് ഉത്തരവിറക്കി.

ചട്ടങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ ചട്ടങ്ങള്‍ നവംബര്‍ എട്ടിനാണു നിലവില്‍വന്നത്. അതിനുമുമ്പ് പരിഗണിക്കപ്പെടേണ്ട അപേക്ഷകള്‍ എത്രയെന്നതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. അതത് തദ്ദേശസ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.

നവംബര്‍ ഏഴിനുമുമ്പ് സമര്‍പ്പിച്ച അപേക്ഷകളില്‍ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷകള്‍ക്കും പഴയ കെട്ടിടനിര്‍മാണച്ചട്ടങ്ങളായിരിക്കും ബാധകമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം അപേക്ഷകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള പ്ലാനുകള്‍ പുതുക്കിനല്‍കുകയാണെങ്കില്‍ അതില്‍ വിസ്തീര്‍ണം അധികരിക്കാന്‍ പാടില്ല. പുതുക്കുന്ന പ്ലാനില്‍ വിസ്തീര്‍ണം കൂടിയാല്‍ അവയ്ക്ക് പുതിയ ചട്ടങ്ങളാകും ബാധകമാവുക.

സങ്കേതം, ഐ.ബി.പി.എം.എസ്. വഴി അപേക്ഷ സ്വീകരിച്ചുകൊണ്ടിരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അത് തത്കാലം നിര്‍ത്തിവെക്കും. സോഫ്റ്റ്‌വേര്‍ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അപേക്ഷകള്‍ മാന്വലായി മാത്രം സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കും.

വിജ്ഞാപനം ചെയ്യാത്ത റോഡുകളില്‍നിന്ന് രണ്ടുമീറ്റര്‍ മാറി വീടുവെക്കാമെന്ന ആകര്‍ഷക നിര്‍ദേശത്തോടെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍, പ്രായോഗികതലത്തില്‍ വന്‍കിട ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മുതല്‍ ചെറുവീടുകള്‍ നിര്‍മിക്കുന്നവരെ വലയ്ക്കുന്നതായിരുന്നു ഇതിലെ പല വ്യവസ്ഥകളും. പല തദ്ദേശ സ്ഥാപനങ്ങളും റോഡുകള്‍ സംബന്ധിച്ച വിജ്ഞാപനം ഒന്നുമിറക്കിയിട്ടില്ലെന്നതും പിന്നിലെ പ്ലോട്ടുകാര്‍ക്ക് ഗുണം കിട്ടാത്തതുമാണ് ഈ വ്യവസ്ഥയെന്ന് നിര്‍മാതാക്കള്‍ ആക്ഷേപമുന്നയിച്ചിരുന്നു.

കെട്ടിടത്തിന്റെ ഉയരം കൂടുന്തോറും കെട്ടിടത്തിനു ചുറ്റും തുറസ്സായ സ്ഥലം കൂടണമെന്ന വ്യവസ്ഥയും ഭൂമിലഭ്യത കുറഞ്ഞ കേരളത്തില്‍ പ്രായോഗികമല്ലെന്ന് നിര്‍മാതാക്കള്‍ ആക്ഷേപമുന്നയിച്ചിരുന്നു. തറയില്‍നിന്ന് കെട്ടിടത്തിന്റെ ഉയരം നിര്‍ണയിക്കണമെന്ന വ്യവസ്ഥയും പുതിയ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറത്തെ പാതയുടെ നിരപ്പില്‍നിന്നായിരുന്നു ഇതുവരെ കെട്ടിടത്തിന്റെ ഉയരം കണക്കാക്കിയിരുന്നത്. പുതിയ വ്യവസ്ഥ ഉയരക്കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍വചനം തന്നെ മാറ്റിമറിക്കുന്നതാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Content Highlights: government reconsidering new building rules