ബേപ്പൂർ: പഴയ നാട്ടുരാജ്യമായി ബേപ്പൂരിലെ രാജകുടുംബാസ്ഥാനമായ കരിപ്പാ പുതിയ കോവിലകവും അനുബന്ധ രാജഭവനങ്ങളും ഇനി ഓർമയാവും. കോവിലകത്തിന്റെ പത്തായപ്പുരയും പടിപ്പുരയും കുളവും വാരിയത്തുപറമ്പും ഉൾപ്പെടുന്ന 3.83 ഏക്കർസ്ഥലം ബേപ്പൂർ തുറമുഖവികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുക്കുകയാണ്‌.

അവകാശികളായ ഭൂരിഭാഗംപേർക്കും ഇതിനകം 32 കോടിരൂപ നഷ്ടപരിഹാരം നൽകുകയുംചെയ്തു.

ഇനി ബാക്കിയുള്ള അവകാശികൾക്ക്‌ കോവിലകം ഭൂമിയിൽ മൂന്നുസെന്റ്‌ ഭൂമി നഷ്ടപരിഹാരത്തുകയ്ക്ക്‌ പുറമേ നൽകാമെന്നു സർക്കാർ സമ്മതിച്ചതോടെ അവർക്കുനൽകേണ്ട തുകയും ഉടൻ വിതരണംചെയ്യും. നവംബർ രണ്ടിന്‌ സ്ഥലകൈമാറ്റംസംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കാൻ കളക്ടർ എസ്‌. സാംബവശിവറാവു യോഗം വിളിച്ചിട്ടുണ്ട്‌. വികാരപരമായ പ്രശ്നങ്ങളാൽ കോവിലകം ഭൂമിയിൽതന്നെ വീടുവെക്കണമെന്ന നിർബന്ധത്തിന്‌ തുറമുഖാധികൃതർ വഴങ്ങുകയായിരുന്നു. രണ്ടോ മൂന്നോ കുടുംബങ്ങൾക്ക്‌ മാത്രമേ വീടുവെക്കാൻ സർക്കാർ അനുമതിയുള്ളൂ.

കോവിലകം കെട്ടിടങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതോടെ കോവിലകവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റും. ഒഴിയുന്നതിന്‌ ജില്ലാഭരണകൂടം സാവകാശംനൽകുമെന്നാണ്‌ സൂചന.

നൂറ്റാണ്ടുകൾക്ക്‌ പഴക്കമുള്ള ബേപ്പൂർ രാജവംശഭൂമിയും കെട്ടിടങ്ങളും ഒഴിപ്പിച്ചെടുക്കുന്നതിനെതിരേ പുതിയ കോവിലകത്തെ രാജകുടുംബാംഗങ്ങൾ നേരത്തേ ശക്തമായ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇരുനൂറ‌ുവർഷത്തിലധികം പഴക്കമുള്ള പുതിയ കോവിലകം സർക്കാർ ഏറ്റെടുക്കുന്നതിലൂടെ ഇവിടെ ജനിച്ചുവളർന്നതിനും തന്റെ കുടുംബാംഗങ്ങളും കടുത്ത മാനസിക പിരിമുറുക്കത്തിൽപ്പെട്ടിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി കോവിലകത്തെ സി. പ്രഭ തമ്പുരാട്ടി മുഖ്യമന്ത്രിക്ക്‌, അവർ അന്തരിക്കുന്നതിനുമുമ്പായി നിവേദനംനൽകിയിരുന്നു. ഏറെക്കാലമായി തുടരുന്ന കോവിലകം ഏറ്റെടുക്കൽ നടപടികൾക്കിടയിലാണ്‌ പ്രഭ തമ്പുരാട്ടിയും ബേപ്പൂർരാജാവായിരുന്ന പി.സി. രവിവർമരാജ ജൂനിയറും മരിച്ചത്‌.

പരപ്പനാട്‌ കോവിലകത്തുനിന്ന്‌ ശാഖ പിരിഞ്ഞാണ്‌ ബേപ്പൂർ കരിപ്പാ പുതിയ കോവിലകം എന്ന രാജകുടുംബം ഉടലെടുക്കുന്നത്‌. ഏറനാട്‌ താലൂക്കിലും കോഴിക്കോട്‌ താലൂക്കിലും ഏക്കർകണക്കിന്‌ സ്ഥലം കോവിലകം വക ഉണ്ടായിരുന്നു. കരിപ്പാ കോവിലകം ഓർമയാവുന്നതോടെ ബേപ്പൂരിലെ അവസാന കോവിലകം ശേഷിപ്പുകളും അപ്രത്യക്ഷമാവുകയാണ്‌.

Content Highlights: government is taking over Beypore Kovilakam and allied royal palaces