കോവിഡ് മഹാമാരിയുടെ വറുതിയില്‍നിന്ന് അതിജീവനത്തിനായി നാട് പൊരുതുമ്പോള്‍ പ്രതീക്ഷ നിറയുന്ന ചിത്രങ്ങള്‍ വരച്ചും കരകൗശലവസ്തുക്കള്‍ നിര്‍മിച്ചും കലയുടെ പ്രതിരോധം തീര്‍ക്കുകയാണ് ശ്വേത. പല്ലശ്ശന ചെറാക്കോട് വാരിയത്തുവീടിന്റെ അകവും പുറവും നിറയെ ഈ കലാകാരിയുടെ ഭാവനയില്‍ വിരിഞ്ഞ നിറപ്പകിട്ടാര്‍ന്ന സൃഷ്ടികളാണുള്ളത്.  വാദ്യകലാകാരന്‍ മധുസൂദനന്റെയും ശാന്തകുമാരിയുടെയും മകളായ ശ്വേത ചിറ്റൂര്‍ ഗവ. കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. 

എട്ടടി ഉയരവും പന്ത്രണ്ടടി നീളവുമുള്ള വീട്ടുചുമരില്‍ത്തീര്‍ത്ത വര്‍ണച്ചിത്രം രചനകളിലൊന്നാണ്. തളിരിടുന്ന വൃക്ഷശാഖകളില്‍ കിളിക്കൂട്ടം ചേക്കേറുന്നതും അവര്‍ക്ക് രാപാര്‍ക്കാന്‍ ചില്ലകളിലൊന്നില്‍ സ്‌നേഹക്കൂട് ഒരുക്കിയിട്ടുള്ളതുമാണ് ചിത്രം. അടുത്തിടെ വീട് പെയിന്റ് ചെയ്തപ്പോള്‍ ശേഷിച്ച പെയിന്റും പെന്‍സില്‍ ബ്രഷും ഉപയോഗിച്ചാണ് ചിത്രം തീര്‍ത്തിട്ടുള്ളത്. വീടിന്റെ ചുമരില്‍ ചിത്രംവരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ശ്വേത. എന്നാല്‍, ഉദ്യമത്തിന് മൂത്ത സഹോദരി സ്‌നേഹയുടെ പൂര്‍ണ പിന്തുണ കിട്ടി.  

വീട്ടിലെയും പരിസരത്തെയും പാഴ്വസ്തുക്കള്‍ എങ്ങനെയെല്ലാം ഗുണകരമായി വിനിയോഗിക്കാം എന്നതില്‍ ശ്രദ്ധാലുവായ ശ്വേത നന്നേ ചെറുപ്പംമുതല്‍ തന്നെ കലാരംഗത്ത് കൈയൊപ്പ് ചാര്‍ത്തിയിരുന്നു. വാദ്യകലാകാരന്‍ പല്ലശ്ശന വേലായുധമന്നാടിയാരുടെ ചെറുമകള്‍ കൂടിയായ ശ്വേത നൃത്തം, സംഗീതം, മ്യൂറല്‍ പെയിന്റിങ്, കാര്‍ട്ടൂണ്‍ ഡ്രോയിങ്, ബോട്ടില്‍ ആര്‍ട്ട്, ക്രാഫ്റ്റ്‌സ് മേക്കിങ് തുടങ്ങിയ മേഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും അരങ്ങേറ്റം കുറിച്ചിട്ടുള്ള ശ്വേത പഞ്ചാരിമേളവും അഭ്യസിച്ചിട്ടുണ്ട്.

Content Highlights: girl doing huge wall art during corona lock down