ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രിയപത്‌നി എന്ന മേല്‍വിലാസത്തിനപ്പുറം തന്റേതായ രീതിയില്‍ ഉയരങ്ങള്‍ കീഴടക്കിയയാളാണ് ഗൗരി ഖാന്‍. കലയോടും വീടിന്റെ അകത്തങ്ങള്‍ ഒരുക്കുന്നതിനോടുമൊക്കെയുള്ള ഗൗരിയുടെ ഇഷ്ടം പ്രശസ്ത ഇന്റീരിയര്‍ ഡിസൈനര്‍ എന്ന വിശേഷണത്തിലേക്കും എത്തിച്ചു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കരിയറിലെ തന്റെ തുടക്കം തീര്‍ത്തും ലളിതമായിരുന്നുവെന്നു പറയുകയാണ് ഗൗരി. 

700 ചതുരശ്ര അടിയുള്ള ഒരു സ്ഥലം വാടകയ്‌ക്കെടുത്താണ്‌ ബിസിനസ് ആരംഭിച്ചതെന്ന് ഗൗരി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ്സു തുറന്നത്. ഡല്‍ഹിയിലെയും ഗോവയിലെയും മുംബൈയിലുമൊക്കെ തന്റെ വീടുകള്‍ ഡിസൈന്‍ ചെയ്താണ് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ തുടക്കമിട്ടതെന്നും ഗൗരി പങ്കുവച്ചു.

പ്രമുഖ നടന്റെ ഭാര്യ എന്ന ലേബല്‍ കരിയറില്‍ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്.  ജോലിയില്‍ തന്നെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നു ചിന്തിക്കുന്നവരുണ്ട്. ആര്‍ക്കിടെക്ട് ചെയ്യുന്നതുപോലെ സാങ്കേതിക അറിവുകള്‍ ഉണ്ടായാല്‍ മാത്രമേ വലിയ പ്രൊജക്ടുകള്‍ നല്‍കാന്‍ കഴിയൂ എന്നു ചിന്തിച്ചവരും ഉണ്ട്. എന്നാല്‍ ആര്‍ക്കിടെക്ചറില്‍ നിന്ന് ഇന്റീരിയറിനെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ഇന്ന് തനിക്കൊപ്പം ധാരാളം പ്രഗത്ഭരായ ആര്‍ക്കിടെക്ടുകള്‍ ഉള്ളതെന്നും ഗൗരി വ്യക്തമാക്കുന്നു.

കലയിലും ഗ്രാഫിക് ഡിസൈനിലുമൊക്കെയുള്ള കഴിവിനപ്പുറം യാത്രകളും വായനയുമൊക്കെ തന്നെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ സഹായിച്ച ഘടകങ്ങളാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയാല്‍ ആര്‍ക്കും ഏതു പ്രതിബന്ധങ്ങളെ അതിജീവിച്ചു വിജയം വരിക്കാമെന്നും ഗൗരി പറയുന്നു.

Content Highlights: gauri khan on interior designing