കരണ്‍ ജോഹറിന്റെ മക്കള്‍ക്കായി ഒരുക്കിയ നഴ്‌സറിയും മുകേഷ് അംബാനിയുടെ അന്റീലിയ എന്ന ലക്ഷുറി ഹൗസില്‍ പണിത പാര്‍ട്ടി റൂമുമൊക്കെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രിയതമ ഗൗരിയുടെ ഡിസൈനിങ് കരിയറിലെ പൊന്‍തൂവലുകളാണ്. രണ്‍ബീര്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സിദ്ധാര്‍ഥ് മല്‍ഹോത്ര തുടങ്ങിയ പല ബിടൗണ്‍ താരങ്ങള്‍ക്കു വേണ്ടിയും ഗൗരി വീട് ഡിസൈന്‍ ചെയ്തിരുന്നു. 

കംഫര്‍ട്ടാകണം എന്നതിനൊപ്പം നിറങ്ങള്‍ മിക്‌സ് ചെയ്യുന്നതുമാണ് തന്റെ ഡിസൈന്‍ സ്റ്റൈല്‍ എന്നാണ് ഗൗരി പറയുന്നത്. അമ്മമനസ്സോടെയാണ് കരണിന്റെ മക്കള്‍ക്കായി നഴ്‌സറി ഡിസൈന്‍ ചെയ്തതെന്നും ഗൗരി പറയുന്നു. 

''കരണ്‍ ജോഹറിന്റെ മക്കള്‍ക്കു വേണ്ടി നഴ്‌സറി ഒരുക്കേണ്ടത് എങ്ങനെയെന്ന ആശയം സ്വാഭാവികമായി മനസ്സിലുണ്ടായിരുന്നു. കാരണം മൂന്നു മക്കളെ ഞാന്‍ വളര്‍ത്തിയതല്ലേ. ലോകത്തിലേക്കു വരുന്ന കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും കംഫര്‍ട്ടായൊരു ഇടം ഒരുക്കുക എന്നതാണ് പ്രധാനം. യാത്രകളിലൂടെയും വിദ്യാര്‍ഥി, അമ്മ, ഡിസൈനര്‍ എന്നീ അനുഭവങ്ങളിലൂടെയുമൊക്കെ ഓരോ ഇടത്തെയും ഏതൊക്കെ വിധത്തിലാണ് ഡിസൈന്‍ ചെയ്യേണ്ടതെന്ന ആത്മവിശ്വാസവും ലഭിച്ചിട്ടുണ്ട്.'' 

തീരുമാനങ്ങളില്‍ ഏറ്റവും മികച്ചവയിലൊന്നാണ് ഗൗരി ഖാന്‍ ഡിസൈന്‍സ് സ്റ്റോര്‍ ആരംഭിച്ചതെന്നും ഗൗരി പറയുന്നു. 2011ല്‍ 500 സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിച്ച സംരംഭം ഇന്ന് 2000 സ്‌ക്വയര്‍ഫീറ്റിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഓരോ വര്‍ഷവും മുപ്പതു ശതമാനത്തോളം വളര്‍ച്ചയുണ്ടായി, ഇതാണ് ജുഹുവില്‍ വലിയൊരു ഇടത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. 

ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ താന്‍ കൂടുതല്‍ ഉറ്റുനോക്കാറുള്ളത് ഉപഭോക്താവ് എത്രത്തോളം തല്‍പരനാണ് എന്നതാണെന്ന് ഗൗരി പറയുന്നു. പ്രൊജക്ട് എങ്ങനെയാണ് ഡിസൈന്‍ ചെയ്യുന്നത് എന്ന കാര്യത്തില്‍ ഉപഭോക്താവിന് വലിയ താല്‍പര്യമൊന്നുമില്ലെങ്കില്‍ താനൊട്ടും ആകര്‍ഷിക്കപ്പെടാറില്ല. ഉപഭോക്താവും താനും ഒറ്റക്കെട്ടായി ഡിസൈനിനെ സമീപിക്കുമ്പോഴാണ് അത് വിജയിക്കുന്നതെന്നും ഗൗരി പറയുന്നു.

Content Highlights:gauri khan about her designing career