പ്രതീകാത്മക ചിത്രം | വര: വിജേഷ് വിശ്വം
സുല്‍ത്താന്‍ബത്തേരി: ഫണ്ടെല്ലാം തീര്‍ന്നതോടെ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മാണം തുടങ്ങിയ ആദിവാസികള്‍ പെരുവഴിയിലായി. 2020-21 സാമ്പത്തികവര്‍ഷത്തെ ലൈഫ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗംപേര്‍ക്കും ഫണ്ട് ലഭിക്കാത്തതിനാല്‍ ഇതുവരെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെല്ലാം ആദിവാസികളാണ്. വീടുകളുടെ വിവിധ നിര്‍മാണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ഇവര്‍ ഗഡുവിനായി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും നിരാശമാത്രമാണ് ഫലം.
275 പട്ടികവര്‍ഗ കുടുംബങ്ങളും 20 പട്ടികജാതി കുടുംബങ്ങളുമാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കള്‍. ഇതില്‍തന്നെ 105 പട്ടികവര്‍ഗ കുടുംബങ്ങളും അഞ്ച് പട്ടികജാതി കുടുംബങ്ങളും വീടുകളുടെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചെങ്കിലും ആകെ മൂന്നു കുടുംബങ്ങള്‍ക്ക് മാത്രമാണ് മുഴുവന്‍ തുകയും കൈമാറാനായത്. ബാക്കിയുള്ളവര്‍ക്ക് തുക ലഭിക്കാത്തതിനാല്‍ വീടുകളുടെ പണികള്‍ മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. അഞ്ചുമാസമായിട്ടും തുക ലഭിക്കാത്തവരുണ്ട്. ലൈഫ് പദ്ധതിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആറുലക്ഷവും, പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് നാലുലക്ഷവുമാണ് വീട് നിര്‍മിക്കാനായി നല്‍കുന്നത്.
ലൈഫ് പദ്ധതിയിലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭ്യമായ പ്ലാന്‍ഫണ്ടും, സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും, ട്രൈബല്‍ വകുപ്പില്‍നിന്നുള്ള വിഹിതവും മാസങ്ങള്‍ക്കുമുമ്പേ തീര്‍ന്നു. ഡിസംബറിന് ശേഷം ഒരു ഫണ്ടും വന്നിട്ടില്ലെന്നാണ് വിവരം. ഹഡ്കോയില്‍നിന്നുള്ള വായ്പത്തുക ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്കുള്ള ബാക്കി തുക വിതരണംചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലേക്ക് കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് (കെ.യു.ആര്.ഡി.എഫ്.സി.) മുഖേന ഹഡ്കോയില്‍നിന്നും വായ്പ ലഭ്യമാക്കിയിരുന്നു. ഈ തുക കെ.യു.ആര്.ഡി.എഫ്.സി. മുഖേന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യാനുസരണം കൈമാറുകയാണ് ചെയ്യുക. ഇതിനായി തദ്ദേശസ്ഥാപനങ്ങളും കെ.യു.ആര്.ഡി.എഫ്.സി.യുമായി കരാറുണ്ടാക്കണം. മാര്‍ച്ച് 25-നുമുമ്പ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നൂല്‍പ്പുഴ പഞ്ചായത്തില്‍നിന്ന് രേഖകള്‍ അയക്കുന്നതില്‍ കാലതാമസമെടുത്തു. ഇതിനാലാണ് നൂല്‍പ്പുഴയിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക വിതരണം ചെയ്യാന്‍ കഴിയാത്തതിന് കാരണമെന്നാണ് അറിയുന്നത്.

• ലൈഫ് ഭവനപദ്ധതിയിൽ ഫണ്ട് കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് നിർമാണപ്രവൃത്തികൾ പാതിവഴിയിൽ നിലച്ച തിരുവണ്ണൂർ കോളനിയിലെ വീടുകളിലൊന്ന്
മഴയെത്തുന്നു; പണി തീരുമോ
തുക വൈകുന്നതിനാല്‍ മഴയ്ക്കുമുമ്പ് പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍. നിര്‍മാണസാമഗ്രികള്‍ക്ക് അനുദിനം വിലയുയരുന്നതും ഗുണഭോക്താക്കള്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. പദ്ധതിപ്രകാരം വീട് നിര്‍മിക്കാന്‍ തുടങ്ങിയവര്‍ കൃത്യസമയത്ത് പണം ലഭിക്കാതായതോടെ കടക്കാരായി മാറിയിരിക്കുകയാണ്. പണം ലഭിക്കുമെന്ന വിശ്വാസത്തില്‍ പലരും പലിശയ്ക്ക് കടമെടുത്തും, കടകളില്‍നിന്ന് സാധനങ്ങള്‍ കടമായി വാങ്ങിയുമൊക്കെയാണ് വീടുകളുടെ വിവിധ നിര്‍മാണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ തുകയ്ക്കായി അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതായതോടെ വലിയ സാമ്പത്തികപ്രതിസന്ധിയിലാണ് ഗുണഭോക്താക്കള്‍. സ്വന്തമായുള്ള ഇത്തിരിസ്ഥലത്തെ ഷെഡോ, കുടിലോ പൊളിച്ചുകളഞ്ഞിട്ടാണ് മിക്കവരും വീടുനിര്‍മാണം തുടങ്ങിയത്. ഇതില്‍ മിക്കവരുമിപ്പോള്‍ വാടകവീടുകളിലും ബന്ധുവീടുകളിലും, താത്കാലിക ഷെഡുകളിലുമൊക്കെയാണ് താമസം. എത്രയുംവേഗത്തില്‍ തുക അനുവദിച്ച് വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഫണ്ട് കിട്ടിയാല്‍ ഉടന്‍ വിതരണംചെയ്യും
ഫണ്ട് തീര്‍ന്നതിനാലാണ് ഗുണഭോക്താക്കള്‍ക്ക് ഗഡുക്കള്‍ വിതരണം ചെയ്യാന്‍ താമസമെടുക്കുന്നത്.
വായ്പയ്ക്കായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഫണ്ട് കിട്ടിയാലുടന്‍ തുക വിതരണംചെയ്യും.
ഷീജാ സതീഷ്
നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
Content Highlights: life mission housing project, fund unavailability, myhome, tribal people from wayanad noolpuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..