കൊറോണക്കാലം പല മേഖലകളുടെയും പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്. ഇതില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത് ടൂറിസം മേഖലയുമാണ്. യാത്രാപ്രേമികളെ കയ്യിലെടുക്കാന്‍ ഒരു ഹോട്ടല്‍ ഇന്റീരിയറില്‍ വരുത്തിയ മാറ്റങ്ങളാണ് വൈറലാകുന്നത്. 

വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലാണ് ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയിരിക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഹോട്ടലിന്റെ ഇന്റീരിയറില്‍ വരുത്തിയ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പലരും. ബാത് ടബ്ബ് മുതല്‍ ടോയ്‌ലറ്റ് വരെ സ്വര്‍ണത്തില്‍ നിര്‍മിച്ചാണ് ഹോട്ടല്‍ വ്യത്യസ്തനമായിരിക്കുന്നത്. 

ഡോള്‍സ് ഹനോയ് ഗോള്‍ഡന്‍ ലേക്ക് ഹോട്ടലാണ് പേരുപോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയത്. മൂന്നുമാസങ്ങള്‍ക്കു ശേഷം തുറക്കുമ്പോള്‍ പാടേ മാറിയിരിക്കണം എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിലെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ ലോകത്ത് ഒരു ഹോട്ടലില്‍ പോലും ഈ സൗകര്യങ്ങളില്ലെന്നും ഹോട്ടലിന്റെ ചെയര്‍മാനായ നുയെന്‍ ഹു ഡുവോങ് പറയുന്നു. 

റൂഫ്‌ടോപ്പിലുള്ള 24കാരറ്റ് സ്വര്‍ണം ടൈല്‍ ചെയ്ത ഇന്‍ഫിനിറ്റി പൂള്‍, സ്വര്‍ണം പൂശിയ അതിഥി മുറികള്‍, ബാത്‌റൂമുകള്‍ എന്നിവയൊക്കെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളാണ്. ഇനി ഈ സ്വര്‍ണഹോട്ടലില്‍ ഒരു രാത്രി താമസിക്കണമെങ്കിലുള്ള ചിലവ് എത്രയെന്നല്ലേ? ഇന്ത്യന്‍ രൂപ 18,716 വരും. 

ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ടണ്‍ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് ഡുവോങ് പറയുന്നത്.

Content Highlights: From tubs to toilets, Vietnam 5-star hotel opens with massive golden interior