പ്രളയം നല്‍കിയ ദുരിതത്തിന്റെ ഓര്‍മകള്‍ പ്രേമാനന്ദന്റെ മനസ്സിലുണ്ട്. സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഇനിവരുന്ന പ്രളയത്തെ അതിജീവിക്കണമെന്ന ചിന്ത മാത്രമായിരുന്നു. ഒടുവില്‍ പ്രളയത്തെ അതിജീവിക്കുന്ന നിലയില്‍ കൂറ്റന്‍ തൂണുകള്‍ക്ക് മുകളിലൊരു വീട് നിര്‍മിച്ചു.
ഒരാള്‍പ്പൊക്കത്തിലാണ് കോട്ടൂളി കളിപ്പൊയ്ക ഭാഗത്ത് പ്രളയത്തില്‍ വെള്ളം ഉയര്‍ന്നത്. വീടെന്ന പ്രേമാനന്ദന്റെ സ്വപ്നത്തിന് വിലങ്ങുതടിയായിരുന്നു പ്രളയം. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ച ആനക്കുഴിനിലം പ്രേമനാന്ദന്‍ വീട് പണിയാനായി വാങ്ങിയ സ്ഥലം കളിപ്പൊയ്കയ്ക്ക് സമീപമായിരുന്നു. എന്നാല്‍ രണ്ടുപ്രളയത്തിലും ഇവിടെ ക്രമാതീതമായി വെള്ളം ഉയര്‍ന്നതോടെ പലരും വീടും സ്ഥലവും ഉപേക്ഷിച്ചു.
എന്നാല്‍ വര്‍ഷങ്ങളായുള്ള ആഗ്രഹം അവിടെ ഉപേക്ഷിക്കാന്‍ പ്രേമാനന്ദന്‍ ആയില്ല. സ്ഥലം ഉപേക്ഷിച്ചാല്‍ പിന്നെ എങ്ങോട്ടെന്ന ചോദ്യം തന്നെയായിരുന്നു വെല്ലുവിളി. ഇതൊടെയാണ് വെള്ളം കയറാത്ത നിലയില്‍ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. മൂന്ന് സെന്റ് സ്ഥലത്ത് വലിയ തുണുകള്‍ക്ക് മുകളിലാണ് വീട്. ഇതിന് മുകളിലായി രണ്ട് കിടപ്പുമുറിയും ശൗചാലയവും അടുക്കളയുംഉണ്ട്. കഴിഞ്ഞവര്‍ഷമാണ് വീട് നിര്‍മാണം തുടങ്ങിയത്.
പ്രധാന്‍മന്ത്രി ആവാസ് യോജന വഴി ലഭിച്ച നാലുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച വീടില്‍ ഞായറാഴ്ചയാണ് പ്രേമാനന്ദനും കുടുംബവും താമസം മാറ്റിയത്. 600 ചതുരശ്രയടിയിലാണ് വീട്. ഭീമന്‍ തൂണുകള്‍ നിര്‍മിക്കാനാണ് കൂടുതല്‍ ചെലവായതെന്ന് പ്രേമാനന്ദന്‍ പറഞ്ഞു.
12 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ബാങ്കില്‍നിന്ന് വായ്പയെടുത്താണ് വീട് പണിയ്ക്കായുള്ള ബാക്കി തുക കണ്ടെത്തിയത്. സാധാരണ നിലയിലുള്ള തറയായിരുന്നു ആദ്യം നിശ്ചയിച്ചത്. എല്ലാവര്‍ഷവും ഇനിയും വെള്ളപ്പൊക്കമുണ്ടാവുമെന്ന ചിന്തയാണ് 'പുതിയ ഐഡിയ'യിലേക്ക് എത്തിച്ചതെന്ന് പ്രേമന്‍ പറഞ്ഞു. വീടിനുള്ളിലേക്ക് വെള്ളം കയറുന്നതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവര്‍ക്കേ അറിയുവെന്ന് പ്രേമനും ഭാര്യ ഉഷയും പറയുന്നു. മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് പ്രേമന്‍. വിശാഖ്, പ്രജീഷ് എന്നിവരാണ് മക്കള്‍.
Content Highlights: Flood resistant house