ലോകത്തിലെ ആദ്യ പ്രകൃതിസൗഹൃദ കടല്‍ വീടുകള്‍ ഒരുക്കി യു.എ.ഇ. പ്രമുഖ കപ്പല്‍ നിര്‍മാണ കമ്പനിയായ സീ ജെറ്റാണ് ഈ വീടുകള്‍ക്ക് പിന്നില്‍.  യുഎഇ വിനോദസഞ്ചാര മേഖലയ്ക്ക് വലിയമാറ്റം കൊണ്ടുവരാന്‍ കഴിയുന്നതാണ് ഈ വീടുകള്‍ എന്നതാണ് പ്രത്യേകത. ഈ വീട്ടിലിരുന്ന് കടലിലൂടെ ഉല്ലാസയാത്ര നടത്താനും കഴിയും.

900 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായാണ് ഓരോ വീടും. ചില്ലുഭിത്തികളുള്ള നീന്തല്‍ക്കുളവും കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള വിശാലമായ ബാല്‍ക്കണിയും ആഡംബര മുറികളുമെല്ലാമുണ്ട്. ഒപ്പം അടുക്കളയും പൂമുഖവും കിടപ്പു മുറികളും.  താഴത്തെ നിലയില്‍ രണ്ട് കിടപ്പു മുറികളും ജോലിക്കാര്‍ക്ക് താമസിക്കാനുള്ള പ്രത്യേക സൗകര്യവും ഉണ്ട്. മുകളില്‍ നാല് കിടപ്പുമുറികളും ബാത്ത് റൂമുകളുമാണ് ഉള്ളത്. ഹൈഡ്രോളിക് മോട്ടോറുകള്‍ ഉപയോഗിച്ച് ഇവ സ്വയം മുന്നോട്ട് നീങ്ങും. വായുസഞ്ചാരത്തിനും, മലിനജല സംസ്‌കരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനങ്ങളെല്ലാം. 

റാസല്‍ഖൈമയിലെ അല്‍ ഹമാറ തുറമുഖത്തിനടുത്താണ് ഇവ നിര്‍മിച്ചിക്കുന്നത്. കമ്പനിയുടെ പദ്ധതി പ്രകാരം കടലിലെ 156 മുറികളുള്ള  വലിയ ആഡംബര ഹോട്ടലിന് ചുറ്റും ഒഴുകി നടക്കുന്ന 12 വീടുകളാണ് പണിയുക. 2023 ല്‍ പദ്ധതി  പൂര്‍ത്തീകരിക്കും. ദുബായിലെ ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സഹാനിയാണ് 39 കോടി രൂപയ്ക്ക് ( 2 കോടി ദിര്‍ഹം) ഈ  പദ്ധതിയിലെ ആദ്യ 'കടല്‍വീട്' വാങ്ങിയത്.

Content Highlights: Floating houses launched in UAE