തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇനി പഴയതു പോലെ കഠിന ജീവിതത്തിലേക്ക് വലിച്ചെറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളി പുനരധിവാസപദ്ധതി പ്രകാരം നിര്‍മിച്ച 'പ്രതീക്ഷ' ഫ്ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

വലിയതുറ, ചെറിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് എന്നി നാലുമത്സ്യഗ്രാമങ്ങളിലുള്ള 192 പേര്‍ക്കാണ് ഫ്ളാറ്റ് നല്‍കിയത്. ഇവര്‍ വലിയതുറയിലെ സ്‌കൂളുകളിലും തുറമുഖ ഗോഡൗണിലുമായി ആറുവര്‍ഷമായി കഴിഞ്ഞുവരുകയാണ്.

മൂന്നര ഏക്കര്‍ സ്ഥലത്ത് 20 കോടി രൂപചെലവിലാണ് 192 കുടുംബങ്ങള്‍ക്ക് ആധുനിക നിലവാരമുള്ള വീടുകളൊരുക്കിയിരിക്കുന്നത്. എട്ടു വസതികള്‍ വീതമുള്ള 24 ഇരുനില ബ്ലോക്കുകളാണ് ഉള്ളത്. ഓരോ വസതിയിലും രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും ടോയ്‌ലറ്റുമുണ്ട്. 222 തീരദേശഗ്രാമങ്ങളിലായി എട്ടുലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍  ഇവരുടെ വീടെന്ന സ്വപ്നം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 11 പേര്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. 

50 വര്‍ഷം മുന്നില്‍ക്കണ്ടാണ് വീടുനിര്‍മിച്ചത്. തീരദേശ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. ടൗണ്‍ഷിപ്പ് മാതൃകയിലാണ് ഫ്ളാറ്റിന്റെ രൂപകല്‍പ്പനയെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഇവിടെ നിര്‍മിക്കാന്‍ പോകുന്ന തീരമാവേലി സ്റ്റോറിന്റെ തറക്കല്ലിടല്‍ മന്ത്രി കെ.രാജു നിര്‍വഹിച്ചു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ., ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം, പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

Content Highlights: flats for fishermen in thiruvananthapuram