കടലുമായി മല്ലിട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നും ദുരിതക്കയത്തിലാണ്. വര്‍ഷാവര്‍ഷം കടല്‍ക്ഷോഭത്തില്‍പ്പെടുന്നവര്‍ താത്കാലിക ഇടത്താവളങ്ങളില്‍ അന്തിയുറങ്ങും. എന്നാല്‍, 2016ല്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട വലിയതുറയിലുള്ളവര്‍ ഫിഷറീസ് സ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വന്നെത്തിയത്. മഴയും കാറ്റും ക്യാമ്പിലും ഇവരുടെ ജീവിതം ദുരിതമാക്കി. ഇവരുടെ സങ്കടവും ദുരിതവും മാതൃഭൂമി 2016 മെയ് 18ന്റെ 'നഗരത്തില്‍' പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വാര്‍ത്തയെത്തുടര്‍ന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ സ്ഥലം സന്ദര്‍ശിച്ച് വീട് വെച്ചുനല്‍കുമെന്ന് ഉറപ്പും നല്‍കി. മന്ത്രി വാക്ക് പാലിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി മുട്ടത്തറയില്‍ 192 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു. ഈ മാസം 31ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വിതരണം ചെയ്യും.

മുട്ടത്തറയില്‍ ഫ്‌ളാറ്റ് ഒരുങ്ങി

മുട്ടത്തറയിലെ സ്വിവേജ് ഫാം വളപ്പില്‍ 20 കോടിയോളം രൂപ ചെലവഴിച്ചാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചത്. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ഇത്‌ ൈകമാറുക. മൂന്നരയേക്കറിലാണ് ഇരുനിലക്കെട്ടിടങ്ങളിലായി ഫ്‌ളാറ്റ് നിര്‍മിച്ചത്. 24 ബ്ലോക്കുകളിലായി 192 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. രണ്ട് കിടക്കമുറികള്‍, ഹാള്‍, അടുക്കള, ശൗചാലയം, സിറ്റൗട്ട് അടക്കുള്ള സൗകര്യങ്ങളാണ് ഓരോ ഫ്‌ളാറ്റിലുമുള്ളത്. ഇനി വൈദ്യുതിയും വെള്ളവും കിട്ടിയാല്‍ മതി.

ഓരോ ബ്ലോക്കിനെയും കടുംമഞ്ഞ, ഇളം മഞ്ഞ, പച്ച, ചാരനിറം എന്നീ നിറങ്ങള്‍ പൂശി വേര്‍തിരിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ മധ്യത്തായി വിശാലമായ റോഡും അതിനരികില്‍ തണല്‍വിരിക്കാന്‍ മരങ്ങളുമുണ്ട്. വീടുകള്‍ക്ക് ഇടയിലായി തറയോടുപാകി ഭംഗിയാക്കിയിട്ടുണ്ട്. ഇനി ഇവിടെ അങ്കണവാടി, കമ്യൂണിറ്റിഹാള്‍, മാര്‍ജിന്‍ഫ്രീമാര്‍ക്കറ്റ് എന്നിവയും നിര്‍മിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മിച്ചുനല്‍കിയ ഏറ്റവും നല്ല ഫ്‌ളാറ്റുസമുച്ചയമാണ് മുട്ടത്തറയിലേത്. ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

ഒന്‍പത് മാസത്തിനുള്ളിലാണ് കരാര്‍ കമ്പനി പണി പൂര്‍ത്തിയാക്കിയത്. ഏതുപദ്ധതിയും സമയബന്ധിതമായി തീര്‍ക്കാമെന്നതിന്റെ ഉദാത്തമാതൃകയാണ് മുട്ടത്തറയിലെ ഫ്‌ളാറ്റുനിര്‍മാണം. ഫ്‌ളാറ്റുകളുടെ വിതരണം പരാതി രഹിതമാക്കാന്‍ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 184 പേരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തത്. എട്ടുപേരുടെ കാര്യം തീര്‍പ്പാക്കിയിട്ടില്ലെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

ഞങ്ങള്‍ക്കിത് ഭാഗ്യക്കുറിയടിച്ചതുപോലെ

'ഡിഗ്രി അവസാനവര്‍ഷം പഠിക്കുന്ന മകളുമായാണ് ഞാന്‍ ക്യാമ്പില്‍ കഴിയുന്നത്. പ്രായം തികഞ്ഞ പെണ്‍മക്കളുമായി ക്യാമ്പില്‍ കഴിയുന്ന ഒരമ്മയുടെ ബുദ്ധിമുട്ട് ഓര്‍ത്തുനോക്കൂ. വീടിന്റെ താക്കോല്‍ കിട്ടുന്നതുവരെ നെഞ്ചിടിപ്പാണ്. എന്നാല്‍, ഞങ്ങളെല്ലാം ഇപ്പോള്‍ സന്തോഷത്തിലാണ്.' അരുള്‍മേരി പറഞ്ഞു. 36ാം നമ്പര്‍ ഫ്‌ളാറ്റാണ് അരുള്‍മേരിക്ക് കിട്ടുന്നത്.

'തഹസില്‍ദാര്‍, മുന്‍ ഫിഷറീസ് ഡയറക്ടര്‍ എന്നിവരുടെ ഇടപെടലാണ് വീടുകള്‍ കിട്ടാന്‍ കാരണമായത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വളരെവേഗം വീടുകിട്ടുമെന്ന്. ഇത് ഞങ്ങള്‍ക്ക് ഭാഗ്യക്കുറിയടിച്ചതുപോലെയാണ്.' അരുള്‍മേരി പറഞ്ഞു. പട്ടികയിലുള്‍പ്പെടുത്തിയിട്ടും വീടുനല്‍കിയില്ലെന്ന് വലിയതുറ സ്വദേശി ത്രേസ്യാ പരാതിയുന്നയിച്ചു. വലിയതുറ നിവാസിയായ തന്നെ അഞ്ചുതെങ്ങ് സ്വദേശിയെന്നാണ് റവന്യൂ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഇക്കാരണത്താല്‍ 105ാം നമ്പര്‍ ടോക്കണിലുള്ള വീട് നഷ്ടമായെന്നും ത്രേസ്യാ പറഞ്ഞു.

എട്ടെണ്ണത്തിന്റെ വിതരണം പിന്നീട്

വലിയതുറയിലെ ഗവ. യു.പി.എസ്.എല്‍.പി.എസ്. ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 60 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കുപുറമേ വീട് നഷ്ടപ്പെട്ടവര്‍ വാടകയ്ക്കും താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 192 പേര്‍ക്കാണ് വീട് നല്‍കുക.

184 പേരുടെ കാര്യത്തില്‍ തീര്‍പ്പായി. എട്ടുപേരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതും ഈയാഴ്ചക്കുള്ളില്‍ പരിഹരിച്ച് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: flats for fishermen in muttathara