തൃശ്ശൂർ: കൊച്ചി രാജവംശത്തിന്റെ ചരിത്രസ്മരണകൾ ഉറങ്ങുന്ന പഴയന്നൂരിലെ കൊട്ടാരം, അടിത്തറയടക്കം പൊളിച്ച് നിരപ്പാക്കാനൊരുങ്ങി കൊച്ചിൻദേവസ്വം ബോർഡ്. ഏകദേശം അഞ്ഞൂറു വർഷം പഴക്കമുള്ള കൊട്ടാരം ചരിത്രസ്മാരകമാക്കണമെന്ന് ആവശ്യമുയരുമ്പോഴാണ് ബോർഡിന്റെ നീക്കം.

പഴയന്നൂർ ദേവസ്വം ഓഫീസിൽ 20-നാണ് ലേലംവിളി. കൊട്ടാരത്തിന് രണ്ടു നിലകളാണുള്ളത്. ഇപ്പോഴിവിടെ അമൂല്യമായ സാധനസാമഗ്രികളൊന്നും കൊട്ടാരത്തിന്റേതായിട്ടില്ല. പഴയന്നൂർ ഭഗവതിക്ഷേത്രത്തിന്‌ എതിർവശത്താണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. ശോച്യാസ്ഥയിലായ കൊട്ടാരം പൊളിക്കുന്നതിൽ എതിരഭിപ്രായങ്ങൾ നിരവധി ഉയരുന്നുണ്ട്. മച്ചൊക്കെയുള്ള കൊട്ടാരത്തിന്റെ പല ഭാഗങ്ങളും കൃത്യമായി സംരക്ഷിക്കാത്തതിനാൽ ഇടിഞ്ഞിരിക്കുകയാണ്.

ടെൻഡർ ഉറപ്പിച്ച് 30 ദിവസത്തിനകം കെട്ടിടം പൂർണമായി നിരപ്പാക്കി വൃത്തിയാക്കണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിർദേശം. ചുറ്റുപാടുള്ള വസ്തുക്കൾക്കോ നിർത്തിയിട്ട വാഹനങ്ങൾക്കോ കേടുവരുത്താതെ വേണം പൊളിക്കാനെന്ന് വിജ്ഞാപനത്തിലുണ്ട്.

കെട്ടിടം പൊളിക്കുമ്പോഴുള്ള ഓട്, മരം, ഇരുമ്പ്, വെട്ടുകല്ലുകൾ എന്നിവയല്ലാതെ അമൂല്യമായതോ പുരാതനമായതോ ആയ വസ്തുക്കൾ ലഭിക്കുമ്പോൾ വിവരമറിയിക്കാനും ദേവസ്വംബോർഡിന് കൈമാറാനുമാണ് ടെൻഡറിൽ പറയുന്നത്. ടെൻഡറുകൾ ഗുണകരമല്ലെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ പൂർണാധികാരം ബോർഡിനാണെന്നും വിജ്ഞാപനത്തിലുണ്ട്.

ചരിത്രസ്മാരകമായി മാറ്റാനാവില്ല

ചരിത്രസ്മാരകമായി നിലനിർത്താനുള്ള അവസ്ഥയിലല്ല പഴയന്നൂർ കൊട്ടാരം. 1950-ൽ കൊച്ചിൻ ദേവസ്വം ബോർഡ് രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ ജീർണാവസ്ഥയിലായിരുന്നു കൊട്ടാരം. 1968-നുശേഷം കൊട്ടാരം ഉപയോഗിച്ചിട്ടേയില്ല. തറയെല്ലാം പൊളിഞ്ഞു. കൊട്ടാരത്തിനോടുചേർന്ന് വാഹനങ്ങൾ നിർത്തിയിടാറുണ്ട്. അപകടാവസ്ഥയിലായ കൊട്ടാരം പൊളിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കൊട്ടാരം പൊളിക്കണമെന്നത് മുൻവർഷങ്ങളിൽ ബോർഡ് തീരുമാനിച്ചിരുന്നതാണ്. ഇപ്പോഴത്തെ ബോർഡ് നടപ്പാക്കുന്നുവെന്ന് മാത്രം.

എ.ബി. മോഹനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

Content Highlights: five hundred year old Pazhayannur palace is about to be demolished